മണിപ്പൂരില്‍ നാഗാ തീവ്രവാദികളുടെ ബന്ദ്
കോഹിമ: വെടിനിര്‍ത്തല്‍ നാഗാലാന്‍ഡില്‍ മാത്രമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാഗാ തീവ്രവാദികള്‍ മണിപ്പൂരില്‍ മൂന്നു ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചു. ജൂലായ് 31 ചൊവാഴ്ച മുതല്‍ തുടങ്ങുന്ന ബന്ദ് മണിപ്പൂരിലെ നാല് ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഉഖ്റുള്‍, സേനപെട്ടി, താമെംഗ്ലോംഗ്, ചാന്ദെല്‍ എന്നീ ജില്ലകളിലാണ് ബന്ദ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഈ ജില്ലകളില്‍ ഒട്ടേറെ നാഗാ വിഭാഗക്കാര്‍ താമസിക്കുന്നുണ്ടെന്നതിനാല്‍ ഇവിടേക്ക് കൂടി വെടിനിര്‍ത്തല്‍ വ്യാപിപ്പിക്കണമെന്നാണ് തീവ്രവാദി സംഘടനകള്‍ ആവശ്യപ്പെടുന്നത്.
യുണൈറ്റഡ് നാഗാ കൗണ്‍സില്‍, നാഗാ യൂത്ത് ഫ്രണ്ട് എന്നീ തിവ്രവാദ സംഘടനകളാണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ ഇംഫാല്‍-ദിമാപൂര്‍, ഇംഫാല്‍-സില്‍ച്ചര്‍ ദേശീയപാതകള്‍ തടഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി മണിപ്പൂരിനെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകളാണ് ഇവ.
അക്രമസംഭവങ്ങളുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസംവിധാനം ശക്തമാക്കാന്‍ ഗവര്‍ണര്‍ വേദ് മാര്‍വാ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications