രാജിവയ്ക്കുമെന്ന് വാജ്പേയി
ദില്ലി: യുടിഐ പ്രതിസന്ധിക്കുപിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലരുടെ കൈകളുണ്ടെന്ന് ശിവസേന ലോക്സഭയില്‍ നടത്തിയ ആരോപണത്തില്‍ പ്രതിഷേധിച്ച് താന്‍ രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി ഭീഷണിപ്പെടുത്തിയതായി അറിയുന്നു. യുടിഐ പ്രശ്നത്തില്‍ ധനകാര്യമന്ത്രി യശ്വന്ത്സിന്‍ഹ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആക്രമണം നടത്തുന്ന പ്രതിപക്ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭരണകക്ഷിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നതാണ് വാജ്പേയിയെ ചൊടിപ്പിച്ചത്.
ശിവസേന അംഗം സഞ്ജയ് നിരുപം ആണ് ജൂലായ് 30 തിങ്കളാഴ്ച ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. യുടിഐ മുന്‍ ചെയര്‍മാന്‍ സുബ്രഹ്മണ്യം ജൂലായ് 17 നും 21നും ഇടയ്ക്ക് മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് മൂന്നു ഫോണ്‍വിളി നടത്തിയിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണെന്ന് അറിവായിട്ടുണ്ടെന്നും സഞ്ജയ് നിരുപം ആരോപിച്ചു.
നേരത്തെ തെഹല്‍ക്കാ ആരോപണത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള പങ്കിനെപ്പറ്റിയും ശിവസേനാനേതാവ് സൂചിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രി രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പ്രധാനമന്ത്രിയെ രാജിയില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ആഗസ്ത് ഒന്ന് ബുധനാഴ്ച എന്‍ഡിഎ പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി, പാര്‍ലമെന്ററികാര്യമന്ത്രി പ്രമോദ് മഹാജന്‍, മാനവശേഷി വികസനമന്ത്രി മുരളീമനോഹര്‍ ജോഷി , വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ് എന്നിവരും പ്രധാനമന്ത്രിയോട് രാജിവയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. യുടിഐ പ്രശ്നത്തില്‍ ധനകാര്യമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്താനിരിക്കുകയാണിന്ന്.












Click it and Unblock the Notifications