'കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കുടിശിക നല്‍കണം'
തിരുവനന്തപുരം: കോണ്‍ട്രാക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുള്ള 1300 കോടി രൂപ കാലതാമസം കൂടാതെ നല്‍കിയില്ലെങ്കില്‍ ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്ന് ആള്‍ കേരള ഗവര്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ (എകെജിസിഎ) പറഞ്ഞു.
ഓണത്തിന് മുമ്പായി 300 കോടി രൂപയെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. വിശ്വനാഥന്‍ ആവശ്യപ്പെട്ടു.
വന്‍കടബാധ്യത കൊടുത്തുതീര്‍ക്കാനാവാതെയാണ് മൂന്ന് കോണ്‍ട്രാക്ടര്‍മാര്‍ ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാലാണ് ഈ ആത്മഹത്യ. നിയമസഭയില്‍ ധനകാര്യമന്ത്രി കെ.ശങ്കരനാരായണന്‍ ഇക്കാര്യം നിഷേധിച്ചത് ശരിയല്ല.
തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ അസോസിയേഷന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തും. ആഗസ്ത് 13ന് അസോസിയേഷന്‍ അംഗങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തും.
യുഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം കോണ്‍ട്രാക്ടര്‍മാരുടെ പ്രശ്നം അവഗണിക്കുകയാണ്. മറ്റ് ഏതെങ്കിലും കണക്കിലേക്ക് ഈ തുക സര്‍ക്കാര്‍ മാറ്റുമോയെന്ന് ആശങ്കിക്കുന്നതായി വിശ്വനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications