ഫൂലന്‍ വധം: കേസ് സങ്കീര്‍ണമാവുന്നു
ദില്ലി: ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍ സിംഗ് റാണയുടെ അതേ പേരില്‍ മറ്റൊരാള്‍ കൊലപാതകം നടന്ന ദിവസം ഹഡ്വാര്‍ ജയിലിലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇതോടെ ഫൂലന്‍ വധത്തിന് പിന്നില്‍ കൂടുതല്‍ വിപുലമായ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
ദില്ലി പൊലീസ് കമ്മിഷണര്‍ അജയ്രാജ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഫൂലന്‍ വധിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ഷേര്‍ സിംഗ് റാണയുടെ 'അപരനെ' തിരയാന്‍ സിഐഡി അന്വേഷണം നടക്കുകയാണ്.
യഥാര്‍ഥ റാണയെ രക്ഷിക്കാനാണ് റാണയുടെ പേരില്‍ മറ്റൊരാള്‍ കൊലപാതക ദിവസം ജയിലില്‍ കഴിഞ്ഞതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിയമപരമായ ഉപദേശം ഇതിനായി കിട്ടിയിരിക്കാമെന്നും കരുതുന്നു.
അതേ സമയം ഫൂലന്റെ കൊലപാതകത്തിന് പിന്നില്‍ ഫൂലന്റെ ഭര്‍ത്താവായ ഉമെദ്സിംഗിന് പങ്കുണ്ടെന്ന് ആരോപിക്കുകയാണ് ഫൂലന്റെ സഹോദരിമാര്‍. ഫൂലന്റെ 100 കോടിയോളം വരുന്ന സ്വത്തില്‍ കണ്ണുവെച്ചാണ് സഹോദരിമാരുടെ ആരോപണമെന്ന് ഉമെദ്സിംഗും ആരോപിക്കുന്നു.












Click it and Unblock the Notifications