രാമറാവു മരിച്ചത് വൈദ്യസഹായം കിട്ടാതെയെന്ന്
ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സിനിമാതാരവുമായ എന്‍.ടി. രാമറാവു മരിച്ചത് മതിയായ വൈദ്യസഹായം കിട്ടാതെയാണെന്ന് അദ്ദേഹത്തിന്റെ കുടുംബഡോക്ടര്‍ അവകാശപ്പെട്ടു.
എന്‍ടിആറിന്റെ ജീവചരിത്രത്തില്‍ (എ ഡോക്ടേഴ്സ് സ്റോറി ഓഫ് ലൈഫ് ആന്റ് ഡത്ത്) ഡോ. കക്ലര്‍ലാ സുബറാവുവാണ് ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയത്. എന്‍ടിആറിന്റെ മരണം പെട്ടെന്നുണ്ടായതല്ലെന്നും അദ്ദേഹത്തിന് അസ്വാസ്ഥ്യം ഉണ്ടായ സമയവും അന്ത്യശ്വാസം വലിച്ച സമയവും തമ്മില്‍ ഏറെ അന്തരമുണ്ടായിരുന്നുവെന്നും സുബറാവു ജീവചരിത്രത്തില്‍ എഴുതുന്നു.
എന്‍ടിആറിന്റെ രണ്ടാം ഭാര്യയായ ലക്ഷ്മി പാര്‍വതിയെയാണ് ഡോക്ടര്‍ ഈ അനാസ്ഥയുടെ പേരില്‍ പ്രതിസ്ഥാനത്തു ചേര്‍ക്കുന്നത്. അവസാനകാലത്ത് എന്‍ടിആര്‍ ലക്ഷ്മിപാര്‍വതിയുടെ തടങ്കലില്‍ ആയിരുന്നുവെന്നും ചികിത്സിക്കാന്‍ തങ്ങളെ വിളിച്ചിരുന്നില്ലെന്നും ഡോക്ടര്‍ ആരോപിച്ചു. പ്രമുഖ കാര്‍ഡിയോളജിസ്റായ ഡോ. സുബറാവു ഇപ്പോള്‍ നിസാംസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറാണ്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവചരിത്രമെഴുതിയ അരുണ്‍ കെ. തിവാരിയുമൊത്താണ് സുബറാവു എന്‍ടിആറിന്റെ ജീവചരിത്രം എഴുതിയത്.












Click it and Unblock the Notifications