നിരക്ക് വര്‍ദ്ധന വ്യവസായ മേഖലയെ തകര്‍ക്കും
തിരുവനന്തപുരം: വൈദ്യുതി നിരക്ക് 25 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ വ്യവസായമേഖലയെ തകര്‍ക്കുമെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
ആഗസ്ത് രണ്ട് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി വാര്‍ത്താലേഖരോട് പറഞ്ഞതാണ് ഇക്കാര്യം. നിരക്ക് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് വര്‍ദ്ധന പ്രാബല്യത്തില്‍ വരുന്ന ആഗസ്ത് 10 വെള്ളിയാഴ്ച സംസ്ഥാനമൊട്ടാകെ ജില്ലാ-താലൂക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്തമേഖലയിലും ജനവിരുദ്ധനടപടികള്‍ കൈക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ പുതിയ നീക്കം ഒട്ടേറെ പേരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും സാധാരണക്കാരുടെ ജീവിതത്തെ താറുമാറാക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളൂ. വൈദ്യുതി നിരക്ക് റഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കാനുള്ള തീരുമാനം വൈദ്യുതിബോര്‍ഡിനെ വാണിജ്യസ്ഥാപനമാക്കി മാറ്റും. ചുരുക്കത്തില്‍ സാധാരണക്കാര്‍ക്ക് വൈദ്യുതി അപ്രാപ്യമാകുന്ന തീരുമാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത് - പാലൊളി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അധ്യക്ഷതയിലാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. വൈദ്യുതിനിരക്ക് വര്‍ദ്ധന ജനവിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിച്ചുണ്ടാക്കിയതുമാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എസ്. ശര്‍മ്മ ആരോപിച്ചു.
ഇല്ലാത്ത കടം പെരുപ്പിച്ച് കാണിച്ച് സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ട ഈ നടപടി ഉല്പാദന-വ്യാവസായിക മേഖലകളെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. ഊര്‍ജമേഖലയില്‍ അധികോല്പാദനമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ലോഡ്ഷെഡ്ഡിംഗിലൂടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. റഗുലേറ്ററി കമ്മീഷന്‍ അശാസ്ത്രീയമെന്ന് പറഞ്ഞ ശര്‍മ്മ മുന്‍ സര്‍ക്കാര്‍ ഊര്‍ജരംഗത്തുണ്ടാക്കിയ നേട്ടങ്ങളെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
നിരക്ക് വര്‍ദ്ധന വ്യവസായ മേഖലയെയും വാണിജ്യമേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നു തന്നെയാണ് വ്യവസായമേഖലയിലെ വിദഗ്ധരും പറയുന്നത്. 55 ശതമാനം വൈദ്യുതി അസംസ്കൃത വസ്തുവായി ഉപയോഗിച്ചു പോരുന്ന എഫ്എസിടി, ടൈറ്റാനിയം എന്നീ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിനുവരെ നിരക്കുവര്‍ദ്ധന കാരണമായേക്കുമെന്ന് ചില നിരീക്ഷകര്‍ പറയുന്നു.












Click it and Unblock the Notifications