മുസ്ലിംങ്ങള്‍ സ്വന്തം സംഘടന രൂപീകരിക്കണം: ഇമാം
ദില്ലി: ഇന്ത്യയില്‍ ഇസ്ലാമിനെ രക്ഷിക്കാന്‍ വേണ്ടി രാജ്യത്തെ മുസ്ലിംങ്ങള്‍ സ്വന്തം സംഘടന രൂപീകരിക്കണമെന്ന് ജുമാ മസ്ജിദ് ഷാഹി ഇമാം സെയ്ദ് അഹ്മദ് ബുക്കാരി ആഹ്വാനം ചെയ്തു. കേന്ദ്രത്തിലെ വാജ്പേയി സര്‍ക്കാരിന്റെ ആര്‍എസ്എസ് നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ ആഹ്വാനമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്താകമാനമുള്ള മദ്രസ്സകളും പള്ളികളും തകര്‍ക്കുക മാത്രമല്ല മുസ്ലിംങ്ങളുടെ വ്യക്തിത്വം ഇല്ലാതാക്കാനുള്ള ശ്രമം കൂടി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ നിന്നുണ്ടാകുന്നുണ്ട്. രാജ്യത്തെ മുസ്ലിംങ്ങള്‍ ഒരു രാഷ്ട്രീയ ശക്തിയാകാതെ തങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കാനാകില്ല - ആഗസ്ത് മൂന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുമുമ്പ് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒന്നിച്ചു നില്‍ക്കാന്‍ ഇതിനു മുമ്പ് ഇമാം ആഹ്വാനം ചെയ്തിരുന്നെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നത് ആദ്യമായാണ്.
മദ്രസകള്‍ തീവ്രവാദപ്രവര്‍ത്തനത്തിനുള്ള പരിശിലീനക്കളരിയാണെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രേഖപ്പെടുത്തിയിട്ടുള്ള മന്ത്രിമാരുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ഇമാം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. വിവിധ മദ്രസ്സകളില്‍ നിന്ന് എത്ര തീവ്രവാദികളെയും ചാരന്മാരെയും അറസ്റു ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം ആഭ്യന്ത്രമന്ത്രി എല്‍.കെ. അദ്വാനിയെ വെല്ലുവിളിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യ്രം മുസ്ലിംങ്ങള്‍ നിഷേധിക്കാന്‍ മാത്രമേ റിപ്പോര്‍ട്ട് ഉപകരിക്കുകയുള്ളൂ.
മുസ്ലിംങ്ങളോട് ഇതുപോലുള്ള നയങ്ങള്‍ തുടരുകയാണെങ്കില്‍ തെരുവിലിറങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുസ്ലിംങ്ങള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അക്രമം സഹിക്കാനുമാവില്ല. അക്രമം എപ്പോഴും അക്രമം ഉണ്ടാക്കുകയേ ഉള്ളൂ. -അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ഗീയ ലഹള ഉണ്ടാക്കിയവരാണ് ഇപ്പോള്‍ ഭരണാധികാരികളായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിംങ്ങളുടെ വോട്ട്ബാങ്കില്‍ മാത്രം കണ്ണ് വച്ച് നടക്കുന്ന മതേതര പാര്‍ട്ടികളെയും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസും മറ്റ് ബിജെപിയിതര സര്‍ക്കാരുകളും 40 വര്‍ഷത്തിലേറെ ഇന്ത്യ ഭരിച്ചെങ്കിലും മുസ്ലിംങ്ങളുടെ ഉയര്‍ച്ചക്കായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications