ലോക്സഭയില്‍ ശാസനാ പ്രമേയം തള്ളി
ദില്ലി: യുടിഐ കുംഭകോണത്തെ കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്നും ധനകാര്യമന്ത്രി യശ്വന്ത്സിഹ്ന രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയില്‍ അവതരിപ്പിച്ച ശാസനാപ്രമേയം ശബ്ദവോട്ടോടെ തള്ളി.
ശബ്ദായമാനമായ അന്തരീക്ഷത്തിലാണ് പ്രമേയം വോട്ടിനിട്ടത്. പ്രമേയത്തിന് മറുപടി പറയവെ ആര്‍ജെഡി അംഗം രഘുവംശപ്രസാദിനെ കുറിച്ച് യശ്വന്ത്സിഹ്ന നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ചത്. സിഹ്നക്ക് മറുപടി പൂര്‍ത്തിയാക്കാനാവാതെ വന്നപ്പോള്‍ പ്രമേയം വോട്ടിനിടുകയും ശബ്ദവോട്ടോടെ തള്ളുകയും ചെയ്തു.
കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തിന്മേല്‍ ആറ് മണിക്കൂര്‍ നേരം ചര്‍ച്ച നീണ്ടുനിന്നു.
യുടിഐയില്‍ നടന്ന തിരിമറിയുടെ പൂര്‍ണ ഉത്തരവാദിത്തം യുടിഐ മുന്‍ചെയര്‍മാന്‍ പി.എസ്.സുബ്രഹ്മണ്യത്തിനാണെന്ന് മറുപടിയില്‍ യശ്വന്ത്സിഹ്ന പറഞ്ഞു. ഈ പ്രശ്നത്തില്‍ താന്‍ രാജിവെക്കില്ല. ഇതേ കുറിച്ച് പാര്‍ലമെന്ററി സമിതിയെ നിയോഗിക്കേണ്ട കാര്യമില്ലെന്നും സിഹ്ന പറഞ്ഞു.












Click it and Unblock the Notifications