സുബ്രഹ്മണ്യത്തിന്റെ ജാമ്യാപേക്ഷ തള്ളി
ദില്ലി: യുടിഐ കുംഭകോണക്കേസില്‍ പിടിയിലായ യുടിഐ മുന്‍ ചെയര്‍മാന്‍ സുബ്രഹ്മണ്യത്തിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. സുബ്രഹ്മണ്യത്തെ ആഗസ്ത് ഏഴ് വരെ പൊലീസ് ജുഡീഷ്യല്‍ കസ്റഡിയില്‍ വയ്ക്കാന്‍ പ്രത്യേക ജഡ്ജി എസ്. ആര്‍. മെഹ്റ ഉത്തരവായി. അദ്ദേഹത്തിന്റെ കൂടെ അറസ്റുചെയ്യപ്പെട്ട യുടിഐയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എം.എം. കപൂര്‍, എസ്.കെ. ബസു എന്നിവരെയും ആഗസ്ത് ഏഴ് വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
മൂന്നുപേര്‍ക്കും വീട്ടില്‍ നിന്നും ഭക്ഷണം, മരുന്ന് , വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. സുബ്രഹ്മണ്യത്തെ ഒരു ദിവസം കൂടി കസ്റഡിയില്‍ വയ്ക്കാന്‍ അനുവദിക്കണമെന്നായിരുന്നു സിബിഐ അഭിഭാഷകന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആഗസ്ത് രണ്ട് വ്യാഴാഴ്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതു കൊണ്ട് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമായി വരുമെന്നും സിബിഐ അഭിഭാഷകന്‍ ഗോപാല്‍ ശരണ്‍ വാദിക്കുകയായിരുന്നു.
തെളിവിനായി കേസ് ഡയറിയും പ്രത്യേക ജഡ്ജിക്ക് പരിശോധനയ്ക്ക് നല്കി. ആഗസ്ത് മൂന്ന് വെള്ളിയാഴ്ച രാവിലെയാണ് സുബ്രഹ്മണ്യത്തെയും എം.എം. കപൂര്‍, എസ്.കെ. ബസു, സ്റോക് ബ്രോക്കര്‍ രാകേഷ് മേത്ത എന്നിവരെയും കോടതിയില്‍ ഹാജരാക്കിയത്. സൈബര്‍ സ്പേസ് ഇന്‍ഫോസിസ് എന്ന സ്ഥാപനത്തിന്റെ പ്രൊമോട്ടറായ അരവിന്ദ് ജോഹാരിയെയും ആഗസ്ത് ഏഴ് വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വയ്ക്കാന്‍ ഉത്തരവായിട്ടുണ്ട്.
സൈബര്‍ സ്പേസിന്റെ 3,45,000 ഓഹരികള്‍ ഓഹരിയൊന്നിന് 930 രൂപവച്ച് അധികവിലയ്ക്ക് രാകേഷ് മേത്തയുടെ സഹായത്തോടെ യുടിഐയെക്കൊണ്ട് വാങ്ങിപ്പിച്ചു എന്നതാണ് ജോഹാരിയ്ക്കെതിരായ കേസ്. ഇതുവഴി യുടിഐയുടെ 32.08 കോടി രൂപ ദുരുപയോഗം ചെയ്തു എന്നതാണ് യുടിഐ മുന്‍ ചെയര്‍മാന്‍ സുബ്രഹ്മണ്യത്തിനെതിരായ കേസ്. എന്നാല്‍ സൈബര്‍ സ്പേസിന്റെ ഓഹരികള്‍ വാങ്ങാന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രേരിപ്പിച്ചതായി സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുടിഐ തിരിമറിയെപ്പറ്റി സംയുക്ത പാര്‍ലമെന്റ് സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വെള്ളിയാഴ്ച ലോക്സഭ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications