'വിദേശമദ്യത്തിന് പ്രത്യേക വില്പന അനുവദിക്കില്ല'
ദില്ലി: ഇറക്കുമതിയായെത്തുന്ന വിദേശമദ്യത്തിന് പ്രത്യേക വില്പന അനുവദിക്കില്ലെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. സ്വകാര്യവിപണനം നിര്‍ത്തിവെക്കുകയും മദ്യവിതരണം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയും ചെയ്തിരിക്കുന്ന കേരളത്തില്‍ വിദേശമദ്യത്തിന് മാത്രമായി സ്വകാര്യവിതരണം അനുവദിക്കാനാവില്ലെന്നൊണ് കേരളത്തിന്റെ നിലപാട്.
ദില്ലിയില്‍ ചേര്‍ന്ന എക്സൈസ് കമ്മിഷണര്‍മാരുടെ യോഗത്തിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ മാത്രമാണ് മദ്യവിതരണം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലോക വാണിജ്യ കരാറിന്റെ ഭാഗമായാണ് വിദേശമദ്യം ഇന്ത്യന്‍ വിപണിയിലെത്തുന്നത്. മാസങ്ങള്‍ക്കുള്ളില്‍ വിദേശമദ്യം ഇന്ത്യന്‍ വിപണിയില്‍ വില്പന ആരംഭിക്കും.
ഏറ്റവും കൂടുതല്‍ മദ്യഉപഭോഗം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ വിദേശമദ്യത്തിന് സ്വകാര്യവില്പന അനുവദിക്കില്ലെന്ന നിലപാട് ഇന്ത്യയിലെ മദ്യവിപണിയില്‍ പ്രാമുഖ്യം നേടാനൊരുങ്ങുന്ന വിദേശമദ്യകമ്പനികള്‍ക്ക് തിരിച്ചടിയാവും. വേണമെങ്കില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവിതരണഷോപ്പുകളില്‍ ഒരു ഷെല്‍ഫ് വിദേശമദ്യത്തിനായി ഒഴിച്ചിടാമെന്നും യോഗത്തില്‍ കേരളം അറിയിച്ചിരുന്നു.
വിദേശമദ്യത്തിന് നികുതി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം തള്ളി. മാത്രവുമല്ല വാണിജ്യ കരാറിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യത്തിനുള്ള നികുതികളില്‍ കുറവ് വരുത്തേണ്ടതുമുണ്ട്. ഇതോടെ വിദേശമദ്യത്തിന്റെയും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും വില ഏതാണ്ട് ഒരു പോലെയാവും.












Click it and Unblock the Notifications