മധ്യപ്രദേശ് ഗ്രൂപ്പിസം: സോണിയ ഇടപെട്ടേക്കും
ഭോപ്പാല്‍: മധ്യപ്രദേശ് ജനറല്‍ സെക്രട്ടറി മനക് അഗര്‍വാളിനെതിരെ നടന്ന കൊലപാതക ശ്രമത്തെത്തുടര്‍ന്ന് ഗ്രൂപ്പിസം ശക്തമായ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പാര്‍ട്ടി പ്രസിഡണ്ട് സോണിയാ ഗാന്ധി ഇടപെട്ടേക്കും.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ പി.എല്‍. സാഹിയെയും ഓസ്കാര്‍ ഫെര്‍ണ്ടാണ്ടസിനെയും സോണിയ ഭോപ്പാലിലേക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡണ്ട് രാധാ കൃഷ്ണ മാളവ്യയുടെ രാഷ്ട്രീയഭാവി.
തനിക്കെതിരെ ആക്രമണം നടന്നതിനു പിന്നില്‍ മാളവ്യയുടെ കൈകളുണ്ടെന്ന് അഗര്‍വാള്‍ ആരോപിച്ചിരുന്നു. മാളവ്യയുടെ ആജ്ഞപ്രകാരം പാര്‍ട്ടി മെമ്പറായ ജി.എസ്. ഇന്ദര്‍ പ്രജാപതിയാണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
എന്തായാലും സോണിയ നിയോഗിച്ച സംഘം ഇതിനകം തന്നെ സംഭവത്തെക്കുറിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തിക്കഴിഞ്ഞു. പൊതുവെ സംഘടനാപ്രവര്‍ത്തനം ശാന്തമായിരുന്ന മധ്യപ്രദേശില്‍ ഇങ്ങനെയൊരു സംഭവം നടന്നതില്‍ ഏറെ അത്ഭുതവും വേദനയും ഉണ്ടെന്ന പി.എല്‍. സാഹിയുടെ പ്രസ്താവന തന്നെ റിപ്പോര്‍ട്ടില്‍ മാളവ്യക്കെതിരെ പരാമര്‍ശങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ്.












Click it and Unblock the Notifications