പ്രവാസി സഹായത്തോടെ മലബാര്‍ മെഡി. കോളേജ്
മലപ്പുറം: പ്രവാസി മലയാളികളുടെ ധനസഹായത്തോടെ മലപ്പുറത്ത് മെഡിക്കല്‍ കോളേജ് വരുന്നു. പാണക്കാട് വിദ്യാഭ്യാസ ട്രസ്റിന്റെ കീഴില്‍ രൂപീകരിക്കുന്ന സ്ഥാപനത്തിന് മലബാര്‍ മെഡിക്കല്‍ കോളേജ് എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രവാസി മലയാളി വ്യവസായികളായ പി.വി. അബ്ദുള്‍ വഹാബും ഡോ. ആസാദ് മൂപ്പനുമാണ് മലബാര്‍ മെഡിക്കല്‍ കോളേജിന് ധനസഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. ദുബായിയിലെ ഡോ. മൂപ്പന്‍സ് ഗ്രൂപ്പിന്റെയും കോഴിക്കോട്ടെ മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ലിമിറ്റഡിന്റെയും ചെയര്‍മാനാണ് ഡോ. ആസാദ് മൂപ്പന്‍.
മെഡിക്കല്‍ കോളേജിനായി നൂറു കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പാണക്കാട്ടെ വ്യവസായ വളര്‍ച്ചാ കേന്ദ്രത്തിനായി വ്യവസായ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 250 ഏക്കര്‍ ഭൂമിയിലെ 50 ഏക്കറിലാണ് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി ലഭിച്ചാല്‍ അടുത്ത വര്‍ഷംതന്നെ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കും. ആദ്യവര്‍ഷം അക്കാദമിക് ബ്ലോക്ക് പൂര്‍ത്തിയാക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റല്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കോളേജ് കെട്ടിടം എന്നിവയും പൂര്‍ത്തിയാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ഥിരം അംഗീകാരം നേടുക എന്നതാണ് ലക്ഷ്യം.
ഐഎംഎസി അംഗീകാരം കിട്ടണമെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ അഞ്ചു കിലോമീറ്ററിനുള്ളില്‍ 300 കിടക്കകളുടെ ആശുപത്രി ഉണ്ടായിരിക്കണം. ഇതിനായി മലപ്പുറത്തെ കെപിഎം ആശുപത്രിയുമായി സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും പദ്ധതിയുണ്ട്.
മലബാര്‍ മെഡിക്കല്‍ കോളേജ് വരുന്നതോടെ മലബാര്‍ മേഖലയിലെ മൂന്നാമത്തെ മെഡിക്കല്‍ കോളേജാകും ഇത്. കോഴിക്കോട്ടും പരിയാരത്തും ഇപ്പോള്‍ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications