അറിയാനുള്ള അവകാശത്തിന് ബില്‍ വരുന്നു
ദില്ലി: അറിയാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതേ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്റി സ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞതായി കമ്മിറ്റി ചെയര്‍മാന്‍ പ്രണാബ് മുഖര്‍ജി അറിയിച്ചു.
ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മുഖര്‍ജി പറഞ്ഞു.
മിലിട്ടറി ഇന്റലിജന്‍സ്, കമേഴ്സ്യല്‍ ഇന്റലിജന്‍സ്, ഗവേഷണവും വികസനവും തുടങ്ങിയ പ്രത്യേക വിഭാഗങ്ങളൊഴിച്ച് എല്ലാ മേഖലയെ കുറിച്ചും ഏതു വിവരവും പൗരന് അറിയാനാവുമെന്ന് ഉറപ്പ് വരുത്തുന്നതാണ് ബില്ലെന്ന് മുഖര്‍ജി പറഞ്ഞു.
28 നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവെച്ചതെന്ന് മുഖര്‍ജി വെളിപ്പെടുത്തി. പൗരന് വിവരം നിഷേധിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടാവുകയാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ശിക്ഷിക്കും. എപ്പോള്‍ വേണമെങ്കിലും വിവരം നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യാം.












Click it and Unblock the Notifications