കശ്മീരിലെ തീവ്രവാദം സ്വാതന്ത്യ്രസമരമല്ല: പ്രധാനമന്ത്രി
ദില്ലി: കശ്മീരില്‍ നടക്കുന്ന തീവ്രവാദത്തെ സ്വാതന്ത്യ്രസമരമായി അംഗീകരിക്കാന്‍ ഒരിക്കലും ഇന്ത്യക്ക് കഴിയില്ലെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആവര്‍ത്തിച്ചു. കശ്മീര്‍ പ്രശ്നം പരിഹരിക്കണം എന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അതിര്‍ത്തി തീവ്രവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആഗ്ര ഉച്ചകോടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആഗസ്ത് ഏഴ് ചൊവാഴ്ച ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.
പാകിസ്ഥാന്റെ പിടിവാശി മൂലമാണ് ആഗ്ര ഉച്ചകോടിക്ക് ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിയാതെ പോയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത പ്രഖ്യാപനത്തില്‍ അതിര്‍ത്തി തീവ്രവാദം ചേര്‍ക്കാന്‍ സമ്മതിക്കാഞ്ഞ പാകിസ്ഥാന്‍ കശ്മീരാണ് മുഖ്യപ്രശ്നമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
പക്ഷെ പാകിസ്ഥാന്‍ ഇന്ത്യയുടെ അയല്‍ രാജ്യമായതിനാലും ഇന്ത്യ സമാധാനമാഗ്രഹിക്കുന്നതിനാലും ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മോശമാകാന്‍ ഇന്ത്യ ഒരിക്കലും ആഗ്രഹിക്കുന്നില്ല - പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications