കേരളത്തിന് 3015 കോടി പദ്ധതി വിഹിതം
ദില്ലി: കേരളത്തിന് ഈ വര്‍ഷം പദ്ധതി വിഹിതമായി 3015 കോടി ലഭിക്കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു.
ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ കെ.സി.പന്തുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആഗസ്ത് ഏഴ് ചൊവാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
3600 കോടിയാണ് നായനാര്‍ സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. അയാഥാര്‍ഥ സ്വഭാവമുള്ളതും സുതാര്യമല്ലാത്തതുമല്ലാത്തതിനാല്‍ നേരത്തെയുള്ള പദ്ധതിയില്‍ മാറ്റം വരുത്തുകയായിരുന്നുവെന്ന് ആന്റണി അറിയിച്ചു.
867 കോടി കേന്ദ്രം പ്രത്യേക സഹായമായി നല്‍കും. 837 കോടിയാണ് കേന്ദ്രസഹായമായി കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നത്.
സംസ്ഥാനത്തിന് പ്രത്യേക പദ്ധതി സഹായമായി 50 കോടി നല്‍കും. 90 കോടിയാണ് സംസ്ഥാനം പ്രത്യേക സഹായമായി ആവശ്യപ്പെട്ടിരുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ക്ക് 890 കോടിയും സാമൂഹികവികസനത്തിന് 547 കോടിയും വൈദ്യുതിമേഖലയ്ക്ക് 509 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 210 കോടിയും ജലസേചനത്തിനായി 227 കോടിയും ഗതാഗതത്തിനായി 220 കോടിയും വിവരസാങ്കേതികവിദ്യാമേഖലയ്ക്കായി 22.5 കോടിയും അനുവദിച്ചു.
കഴിഞ്ഞ വര്‍ഷം കേരളത്തിന് 3317 കോടിയാണ് പദ്ധതി വിഹിതമായി ലഭിച്ചിരുന്നത്.
നീണ്ട കാലമായി പൂര്‍ത്തിയാക്കാനിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന കൊടുക്കുകയെന്ന് ആന്റണി പറഞ്ഞു. വിവരസാങ്കേതികവിദ്യയ്ക്കും വിനോദസഞ്ചാരത്തിനും പ്രത്യേക പരിഗണന നല്‍കും. കേരളത്തില്‍ സമീപഭാവിയില്‍ തന്നെ ഒരു ഐഐടി സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുമെന്നും ആന്റണി അറിയിച്ചു.
സ്വകാര്യനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സ്വകാര്യനിക്ഷേപത്തിനും വിദേശ സഹായത്തിനും സാധ്യതയുള്ള മികച്ച പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ആസൂത്രണകമ്മിഷന്റെ സഹായം ആന്റണി അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications