പാറക്കെട്ട് പൊട്ടിത്തെറിച്ചു; കിണറിടിച്ചില്‍ വീണ്ടും
തളിപ്പറമ്പ്: കിണറിടിച്ചിലിനും വര്‍ണമഴയ്ക്കും ശേഷം പാറക്കെട്ട് തനിയെ പൊട്ടിത്തെറിക്കുന്നു... കേരളത്തില്‍ പ്രകൃതിയുടെ വികൃതികള്‍ തുടരുകയാണ്. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കരുവാടക്കംകുന്നിന്‍ ചെരുവില്‍ ഒരു പാറക്കെട്ട് തനിയെ പൊട്ടിത്തെറിച്ചതോടെ പരിസരവാസികള്‍ പരിഭ്രാന്തിയിലായി.
മാത്രാടന്‍ അശോകന്റെ പറമ്പിലെ കരിങ്കല്‍പ്പാറയാണ് ആഗസ്ത് ആറ് തിങ്കളാഴ്ച തനിയെ പൊട്ടിത്തെറിച്ചത്. വലിയ ഒമ്പത് കഷണങ്ങളായി പാറ പിളരുകയായിരുന്നു. ഇതില്‍ ആറെണ്ണം 30 അടിയോളം ദൂരേക്ക് തെറിച്ചു. ബാക്കി മൂന്നെണ്ണം പാറക്കെട്ടില്‍ത്തന്നെ നില്‍ക്കുന്നു. കുന്നിനു താഴെയായി തലേന്നു രാത്രി ചെറിയ കുലുക്കമുണ്ടായിരുന്നതായി സ്ഥലവാസികള്‍ പറഞ്ഞു.
അതിനിടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള കിണറിടിച്ചില്‍ ഇപ്പോഴും തുടരുന്നു. പയ്യന്നൂര്‍ കുഞ്ഞിമംഗലം കൊവപുറത്ത് ചോമ്പാലന്‍ പാത്തുമ്മയുടെ വീട്ടുകിണറിന്റെ അടിഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞു താണു. കിണറ്റില്‍ നിന്ന് നുരയും പതയും ഉയരുന്നുണ്ട്.
എറണാകുളം ജില്ലയില്‍ രണ്ടിടത്തും മലപ്പുറം ജില്ലയിലെ നിലമ്പൂരിലും കിണര്‍ ഇടിഞ്ഞു. കോതമംഗലത്തെ തങ്കളം വികാസ് സെന്ററിലെ കിണറും ചേരാനല്ലൂരിലെ തൈക്കാട് ബാവയും കിണറും താഴ്ന്നു. മലപ്പുറത്ത് നിലമ്പൂര്‍ ചുങ്കത്തറയ്ക്കടുത്ത് വെള്ളാരംകുന്ന് കൊളമണ്ണില്‍ കൃഷ്ണന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. തവനൂര്‍ ചെറുപറമ്പില്‍ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് ആറടിയിലധികം ആഴത്തില്‍ കുഴി പ്രത്യക്ഷപ്പെട്ടത് ആശങ്കയുണ്ടാക്കി.
വയനാട് ജില്ലയില്‍ മാനന്തവാടിയിലെ തലപ്പുഴയിലും വാളാടും തിങ്കളാഴ്ച വര്‍ണമഴ പെയ്തു. മഞ്ഞയും ഇളംചുവപ്പും നിറമുള്ള മഴയാണ് പെയ്തത്. തൃശൂരിലെ അന്തിക്കാട് മുറ്റിച്ചൂര്‍ കടവിലെ കിണറ്റിലെ വെള്ളത്തിന് അടിക്കടി നിറംമാറ്റമുണ്ടായതും ആശങ്കയ്ക്കിടയാക്കി.












Click it and Unblock the Notifications