വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞു: എന്‍എസ്എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും നിലനില്‍ക്കുന്നതായി നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്).
സംഘടനയുടെ മുഖപത്രമായ സര്‍വീസിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരായ വിമര്‍ശനമെന്ന് പറയാവുന്ന ഈ വിലയിരുത്തല്‍. കാര്യങ്ങള്‍ പഠിക്കാനുള്ള കാലതാമസം കൊണ്ടോ സര്‍ക്കാരിന്റെ തന്റേടക്കുറവ് കൊണ്ടു വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
മാനേജ്മെന്റുകളും അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ആകെ ആശയക്കുഴപ്പത്തിലാണ്. ഇപ്പോഴത്തെ കുത്തഴിഞ്ഞ സ്ഥിതിഗതികള്‍ വളര്‍ന്ന് വലുതായി ഒരു ട്യൂമറാകുന്നതിന് മുമ്പ് നുള്ളിക്കളയാന്‍ സര്‍ക്കാരിന് കഴിയുമോയെന്ന് മുഖപ്രസംഗം ആശങ്ക പ്രകടിപ്പിക്കുന്നു.
സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനിയമനത്തിന് നിരോധനമില്ല. എയ്ഡഡ് കോളേജുകളില്‍ ഒഴിവുകളുണ്ടെങ്കിലും നിയമനം സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രീഡിഗ്രി കോഴ്സ് നിര്‍ത്തലാക്കിയ സാഹചര്യങ്ങളില്‍ ഒഴിവ് വന്ന അധ്യാപകരുടെ തസ്തിക പോലും നികത്താന്‍ അനുവാദമില്ല. ഗസ്റ് ലക്ചറര്‍മാരെ വച്ച് എങ്ങനെയെങ്കിലും കാര്യങ്ങള്‍ തള്ളിനീക്കണമെന്ന നിലപാട് ദോഷകരമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
പ്ലസ്ടു മേഖലയില്‍ പല നടപടികളും അപകടകരമായ രീതിയില്‍ വൈകുന്നു. സ്പെഷ്യല്‍ റൂള്‍സ് തയാറാക്കിയാല്‍ ഈ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാം. പക്ഷേ നിര്‍ണായക തീരുമാനങ്ങളെടുക്കാതെ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ഒരു സര്‍വകലാശാലയിലെ കോളേജില്‍ നിന്നും മറ്റൊരു സര്‍വകലാശാലയിലെ കോളേജിലേക്കും ഒരേ സര്‍വകലാശാലയിലെ പല കോളേജിലേക്കുമുള്ള സ്ഥലം മാറ്റങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി ചില വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മതിയായ അധ്യാപകരില്ല. ചിലത് പഠിപ്പിക്കാന്‍ ആവശ്യത്തിലധികം അധ്യാപകരുമുണ്ടെന്ന് മുഖപ്രസംഗം പറയുന്നു.












Click it and Unblock the Notifications