എന്‍എസ്എസിനെ പിണക്കരുത്: പിള്ള
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അനുവദിച്ച 12 എഞ്ചിനിയറിംഗ് കോളേജുകള്‍ എന്‍എസ്എസിനും എസ്എന്‍ഡിപിക്കും കൂടി നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള.
കോളേജുകള്‍ അനുവദിച്ചപ്പോള്‍ ഈ സമുദായസംഘടനകളോട് സര്‍ക്കാര്‍ നീതി കാട്ടിയില്ലെന്ന് ആഗസ്ത് എട്ട് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പിള്ള കുറ്റപ്പെടുത്തി. ഇവര്‍ക്ക് അര്‍ഹമായത് നല്‍കി ഈ വര്‍ഷം തന്നെ പ്രശ്നം പരിഹരിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു.
ഇവരെ ഒഴിവാക്കിയതിന് യാതൊരു നീതികരണവുമില്ല. ആവശ്യമില്ലാതെ ഇവരെ പിണക്കാനും പ്രക്ഷോഭത്തിലേക്ക് നയിക്കാനും ഇത് ഇടയാക്കും. ഒന്നുകില്‍ അര്‍ഹമായത് കൊടുക്കുക അല്ലെങ്കില്‍ ഇപ്പോള്‍ നല്‍കിയതെല്ലാം നിര്‍ത്തിവയ്ക്കുക. തിരഞ്ഞെടുപ്പ് സമയത്ത് ഈ സംഘടനകളെ യുഡിഎഫുമായി അടുപ്പിച്ചയാളെന്ന നിലയിലാണ് ഇത് പറയുന്നത്. ഇതിന് വേണ്ടി യുഡിഎഫിനുള്ളില്‍ നിന്ന് ആവശ്യമുന്നയിക്കുമെന്ന് പിള്ള വ്യക്തമാക്കി.
മന്ത്രിസഭാ രേഖകള്‍ ചോര്‍ന്നത് അത്ര വിവാദമാക്കേണ്ട കാര്യമൊന്നുമില്ല. ടൈപ്പ് ചെയ്യുന്ന ടൈപ്പിസ്റ് മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ അത് കാണാറുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് ചോര്‍ന്നാല്‍ മാത്രമേ പ്രശ്നമാക്കേണ്ടതുള്ളുവെന്നും പിള്ള അഭിപ്രായപ്പെട്ടു.
കേരളത്തില്‍ ഇപ്പോള്‍ വ്യാജച്ചാരായം ഒഴുകുകയാണ്. കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചുവിടുക തന്നെ വേണമെന്നും പിള്ള പറഞ്ഞു. യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത ഇപ്പോള്‍ തനിക്കില്ലെന്നും യോഗ്യത കൈവരുമ്പോള്‍ പങ്കെടുക്കുമെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications