ഇന്തോ-പാക് ഉന്നതതല ചര്‍ച്ച വെള്ളിയാഴ്ച
കൊളംബോ: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ചൊകില അയ്യരും പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇനാമുല്‍ ഹഖും ആഗസ്ത് 10 വെള്ളിയാഴ്ച കൊളംബോയില്‍ ചര്‍ച്ച നടത്തും. സാര്‍ക്ക് വിദേശകാര്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇരുവരും പ്രത്യേക ചര്‍ച്ച നടത്തുന്നത്. ആഗ്ര ഉച്ചകോടിക്കു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഉന്നതതല ചര്‍ച്ചയാണിത്.
ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച പ്രത്യേകശ്രദ്ധയാകര്‍ഷിക്കുന്നു. ആഗ്ര ഉച്ചകോടിക്കു ശേഷം തീവ്രവാദികള്‍ കശ്മീരില്‍ മൂന്നു തവണയാണ് കൂട്ടക്കൊല നടത്തിയത്.
പ്രധാനമന്ത്രി വാജ്പേയിയും ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയും ഇതിനകം തന്നെ കൂട്ടക്കൊലകളെ അപലപിച്ചിട്ടുണ്ട്. കശ്മീരില്‍ നടക്കുന്ന തീവ്രവാദത്തെ സ്വാതന്ത്യ്രസമരമായി പരിഗണിക്കാനാകില്ലെന്ന് ആഗസ്ത് ഏഴ് ചൊവാഴ്ച പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പാകിസ്ഥാനുമായുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ചൊകില അയ്യര്‍ ഇനാമുള്‍ ഹഖുമായി സംഭാഷണം നടത്തുന്നത്.
കശ്മീരില്‍ ഗ്രാമീണര്‍ക്കെതിരെ തീവ്രവാദികള്‍ ആക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ അവിടെ പട്ടാളനടപടി ശക്തിപ്പെടുത്താന്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കശ്മീരിലെ നാലുജില്ലകളെ അസ്വസ്ഥബാധിത പ്രദേശ നിയമത്തിന്‍ കീഴിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കശ്മീര്‍ പ്രശ്നം ഇതോടെ സംഭാഷണത്തില്‍ പ്രധാന ചര്‍ച്ചവിഷയമാകുമെന്ന് കരുതുന്നു. സാര്‍ക്കിലെ ഏഴ് അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യ സെക്രട്ടറിമാരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട് .












Click it and Unblock the Notifications