കീടനാശിനി: സര്‍ക്കാരിന് നോട്ടീസ്
തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ പെദ്രെ ഗ്രാമത്തിലെ കശുമാവിന്‍തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.
സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതു വഴി നിരവധി പേര്‍ മരണമടഞ്ഞിരുന്നെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിനും (ഐസിഎംആര്‍) നോട്ടീസയച്ചിട്ടുണ്ട്.
കാസര്‍കോട് പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സ്പ്രേ പ്രൊട്ടസ്റ് ആക്ഷന്‍ കമ്മിറ്റി (ഇഎസ്പിഎസി) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നോട്ടിസയച്ചിരിക്കുന്നത്. ഐസിഎംആറില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘം ഉടനെ തന്നെ ഗ്രാമം സന്ദര്‍ശിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് നല്‍കും.
അതേസമയം പ്രശ്നത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയെ മാറ്റണമെന്ന് ഇഎസ്പിഎസി ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോലും മടികാട്ടിയ സമിതിയുടെ ആത്മാര്‍ത്ഥതയില്ലായ്മ ഇതില്‍ നിന്നും വെളിവാകുന്നുവെന്ന് ഇഎസ്പിഎസി കുറ്റപ്പെടുത്തുന്നു. അതേസമയം സമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രദേശത്തെ മണ്ണിന്റെയും ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications