യുടിഐ: ലോക്സഭ നിര്‍ത്തിവെച്ചു
ദില്ലി: യുടിഐ തിരിമറിയില്‍ ധനകാര്യമന്ത്രി യശ്വന്ത്സിന്‍ഹയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളമുണ്ടാക്കി. സഭാനടപടികള്‍ തുടര്‍ന്നുകൊണ്ടുപോവാനാവാത്തതിനാല്‍ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ചു.
യുടിഐ പ്രശ്നത്തില്‍ പരസ്പരവിരുദ്ധമായ നിലപാടാണ് സിന്‍ഹ കൈകൊണ്ടതെന്നും പ്രശ്നത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അദ്ദേഹം രാജി വയ്ക്കണമെന്നും ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ശൂന്യവേളയില്‍ കോണ്‍ഗ്രസ്-ഐയിലെ പ്രിയരഞ്ജന്‍ദാസ് മുന്‍ഷി യുടിഐ തീരുമാനങ്ങളെ സംബന്ധിച്ച് മെയ് 18നും ജൂണ്‍ 15നും ജൂണ്‍ 30നും മുന്‍ യുടിഐ ചെയര്‍മാന്‍ സുബ്രഹ്മണ്യം സിന്‍ഹയ്ക്ക് കത്തുകളയച്ചിരുന്നതായി ചൂണ്ടിക്കാട്ടി. യുഎസ്-64 മ്യൂച്ചല്‍ ഫണ്ട് പദ്ധതി ആറ് മാസത്തേക്ക് മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങള്‍ താനറിയാതെയാണ് യുടിഐ എടുത്തതെന്ന സിന്‍ഹയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് മുന്‍ഷി ചൂണ്ടിക്കാട്ടി.
ഇതേ കുറിച്ച് സിന്‍ഹ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ യുടിഐ പ്രശ്നം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണെന്നും പ്രശ്നത്തെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചതാണെന്നും പ്രശ്നം വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടുവരേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ ജി.എം.സി. ബാലയോഗി പറഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളംകൂട്ടി. കോണ്‍ഗ്രസ് അംഗം സതീഷ് ശര്‍മ നടത്തിയ സാമ്പത്തിക തിരിമറികള്‍ ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങളും ബഹളമുണ്ടാക്കി. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങിയതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ രണ്ട് മണിവരെ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു.
രാജ്യസഭയിലും യുടിഐ തിരിമറിയെ ചൊല്ലി ബഹളമുണ്ടായി. ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗം കപില്‍ സിബല്‍ പ്രശ്നമുയര്‍ത്തിയപ്പോള്‍ ബിജെപി അംഗങ്ങള്‍ തടസമുന്നയിച്ചു. എന്നാല്‍ രാജ്യസഭാ അധ്യക്ഷന്‍ കൃഷന്‍കാന്ത് പ്രശ്നമുന്നയിക്കുന്നിന് സിബലിന് അനുമതി നല്‍കി.












Click it and Unblock the Notifications