മന്ത്രിയെ പുറത്താക്കി; യുപി മന്ത്രിസഭ പ്രതിസന്ധിയില്‍
ലക്നോ: പ്രധാന സഖ്യകക്ഷിയായ ലോക് താന്ത്രിക് കോണ്‍ഗ്രസ് നേതാവ് നരേഷ് അഗര്‍വാളിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതോടെ ഉത്തര്‍പ്രദേശില്‍ രാജ്നാഥ് സിംഹ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി.
മൂന്നു വര്‍ഷം മുമ്പ് നരേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള 20 ലോക്താന്ത്രിക് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഊര്‍ജമന്ത്രിയായിരുന്നു നരേഷ് അഗര്‍വാള്‍.
അഗര്‍വാളിനെ പുറത്താക്കിയ കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി രാജ്നാഥ് സിംഹ് വാര്‍ത്താലേഖകരോട് പറഞ്ഞു. തന്റെ സര്‍ക്കാരിന് ഇപ്പോഴും സഭയില്‍ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി സര്‍ക്കാരിന് തന്റെ കക്ഷി പിന്തുണ പിന്‍വലിക്കുകയാണെന്ന് പിന്നീട് നരേഷ് അഗര്‍വാള്‍ വാര്‍ത്താലേഖകരെ അറിയിച്ചു. താന്‍ മുന്‍കൈ എടുത്ത ചില ഊര്‍ജപദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കിയില്ലെന്ന് ആരോപണമാണ് അഗര്‍വാള്‍ ഉന്നയിച്ചിരിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജ്നാഥ് സിംഹ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പുതിയ സംഭവവികാസങ്ങള്‍ നിര്‍ണായക രാഷ്ട്രീയനീക്കങ്ങള്‍ക്കും സഖ്യങ്ങള്‍ക്കും തുടക്കം നല്‍കിയേക്കും.












Click it and Unblock the Notifications