കരിപ്പൂരും ഹജ്ജ് യാത്രാകേന്ദ്രം: മലബാറില്‍ ആഹ്ലാദം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തേയും ഹജ്ജ് യാത്രാകേന്ദ്രമായി കേന്ദ്രഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചതോടെ മലബാര്‍ മേഖലയില്‍ ആഹ്ലാദം. ഇക്കഴിഞ്ഞ ഹജ്ജ് കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കരിപ്പൂരിനെ കൂടി ഹജ്ജ് യാത്രയ്ക്ക് പോകാനുള്ള കേന്ദ്രമായി പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ തന്‍വീര്‍ അഹമ്മദ് കോഴിക്കോടെത്തി. കരിപ്പൂരിനു പുറമെ ജയ്പൂര്‍, ലഖ്നോ, ഭോപാല്‍, നാഗ്പൂര്‍ എന്നീ വിമാനത്താവളങ്ങളേയും ഹജ്ജ് യാത്രയ്ക്കുള്ള കേന്ദ്രങ്ങളായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം ആഗസ്ത് 12 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാരെ അയക്കുന്ന നാലാമത്തെ സംസ്ഥാനമാണ് കേരളം.
അതേസമയം ഇക്കുറി കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. അടുത്തിടെ പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ കേന്ദ്രവ്യോമയാനമന്ത്രി ശരത്യാദവ് ഇക്കുറി കോഴിക്കോട് നിന്നും ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതി നല്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു മാത്രമേ ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നുള്ളൂ.
കരിപ്പൂര്‍ ഹജ്ജ്യാത്രയ്ക്കുള്ള കേന്ദ്രമാക്കുന്നതോടെ മലബാര്‍ മേഖലയിലെ മുസ്ലീംങ്ങള്‍ക്ക് അത് വലിയ അനുഗ്രഹമാകും. കാരണം കേരളത്തിലെ ഹജ്ജ്യാത്രക്കാരില്‍ 80 ശതമാനവും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇതുവരെ അവര്‍ നെടുമ്പാശേരി വിമാനത്താവളത്തെയാണ് ആശ്രയിച്ചിരുന്നത്. വിവിധ മുസ്ലിം സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
രാത്രികാലങ്ങളില്‍ വിമാനങ്ങള്‍ ഇറക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഹജ്ജ്യാത്രക്ക് വിമാനമയക്കാന്‍ പകല്‍ സമയത്ത് സൗകര്യമുണ്ടാക്കുന്നതിന് പരമാവധി ശ്രമിക്കുമെന്നും അഹമ്മദ് പറഞ്ഞു. മലയാളത്തില്‍ ഹജ്ജ് ഗൈഡുകള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഹജ്ജ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം കൊണ്ടുവരും. ഈ വര്‍ഷം 4,000 ഹജ്ജ് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications