വൃദ്ധയെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി
തിരുവനന്തപുരം: പണം ആവശ്യപ്പെട്ട് 68കാരിയായ വൃദ്ധയെ ചാത്തന്നൂര്‍ എസ്ഐ പീഡിപ്പിക്കുന്നതായി ഡിജിപിക്ക് പരാതി ലഭിച്ചു.
തന്നെയും കുടുംബാംഗങ്ങളെയും ചാത്തന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ റഫീഖ് പീഡിപ്പിക്കുന്നതായാണ് ചാത്തന്നൂര്‍ താഴംവടക്ക് ഞവരൂര്‍ പുത്തന്‍വീട്ടിലെ കാര്‍ത്ത്യായനിയമ്മയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ചിട്ടിയിടപാട് നടത്തുന്ന തന്റെ ചെറുമകന്‍ ബിനുകുമാറിനെ കാണാതായതിന് ശേഷമാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നതെന്ന് അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ആഗസ്ത് മൂന്ന് വെള്ളിയാഴ്ച കാര്‍ത്ത്യായനിയമ്മയുടെ വീട്ടിലെത്തിയ എസ്ഐയും സംഘവും അലമാരയും മറ്റും കുത്തിത്തുറന്ന് സുപ്രധാനമായ പല രേഖകളും ഫോട്ടോകളും എടുത്തുകൊണ്ടു പോയി. കാര്‍ത്ത്യായനിയമ്മയെ എസ്ഐ പിടിച്ചുതള്ളുകയും കള്ളക്കേസില്‍ പ്രതിയാക്കി ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജൂലായ് 29ന് ബിനുകുമാറിനെ കാണാതായതിന് ശേഷം ബിനുകുമാര്‍ പണം കൊടുക്കാനുണ്ടെന്ന് പറയപ്പെടുന്ന ചിലര്‍ കാര്‍ത്ത്യായനിയമ്മയുടെ വീട്ടിലെത്തി അക്രമം നടത്തുകയും വധഭീഷണി ഉയര്‍ത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് കാര്‍ത്ത്യായനിയമ്മ ചാത്തന്നൂര്‍ സ്റേഷനില്‍ പരാതി നല്‍കി. പരാതിയെത്തുടര്‍ന്ന് വീടും പറമ്പും വിറ്റ് പണം നല്‍കാനാണത്രെ എസ്ഐ ആവശ്യപ്പെട്ടത്. പല പ്രാവശ്യം വീട്ടിലെത്തിയ എസ്ഐ താന്‍ പറയുന്നവര്‍ക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications