കെഎസ്ആര്‍ടിസി ബസ് മോഷ്ടിക്കപ്പെട്ടു
ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ മജസ്റിക്ക് കെമ്പഗൗഡ ബസ്സ്റാന്‍ഡില്‍ നിന്നും കേരള ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷന്റെ ബസ് മോഷ്ടിക്കപ്പെട്ടു. ആഗസ്ത് 11 ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ബാംഗ്ലൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടി.പി. 404ാം നമ്പര്‍ ബസാണ് കാണാതെ പോയത്. പയ്യന്നൂരില്‍ നിന്നും ശനിയാഴ്ച രാവിലെ മജസ്റിക് ബസ്സ്റാന്‍ഡില്‍ എത്തിയ ബസ് കേരളത്തിനനുവദിച്ച പാര്‍ക്കിംഗ് സ്ഥലത്തു തന്നെയായിരുന്നു പാര്‍ക്ക് ചെയ്തത്. ബസ് പാര്‍ക്ക് ചെയ്ത ശേഷം ഉറങ്ങാന്‍ പോയ കണ്ടക്ടറും ഡ്രൈവറും വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ ബസ് കാണാനില്ല.
തുടര്‍ന്ന് സ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷിച്ചു നോക്കിയെങ്കിലും ബസ് കണ്ടെത്താനായില്ല. രാത്രി 8.30ന് പയ്യന്നൂരേക്ക് പോകേണ്ടിയിരുന്നതായിരുന്നു ബസ്. യാത്രക്കാരെ പിന്നീട് മറ്റൊരു ബസ്സില്‍ കയറ്റി വിടുകയായിരുന്നു. ബസ് മോഷ്ടിക്കപ്പെട്ട വിവരം തിരുവനന്തപുരം കെഎസ്ആര്‍ടിസി എം.ഡിയെ അറിയിച്ചിട്ടുണ്ട്. ഉപ്പാര്‍പേട്ട് പൊലീസ് സ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
വൈകുന്നേരം നാലു മണിയായപ്പോള്‍ ബസ് സ്റാന്‍ഡിനുമുന്നില്‍ ഗതാഗത കുരുക്ക് ഉണ്ടായിരുന്നുവത്രെ. ഈ സമയത്ത് ബസ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിയതാണോ എന്ന് സംശയിക്കുന്നുണ്ട്.
എന്നാല്‍ വൈകുന്നേരം കണ്ണൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ഈ ബസ് ആളില്ലാതെ ഓടിച്ചുപോകുന്നത് കണ്ടതായി പറയുന്നു. 24 വയസ്സ് തോന്നിക്കുന്ന യുവാവ് ആണത്രെ ബസ് ഓടിച്ചിരുന്നത്. മാണ്ഡ്യ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന്റെ ബോര്‍ഡും മാറ്റിയിരുന്നു. ബസ് കേടായതിനാല്‍ നന്നാക്കാന്‍ കൊണ്ടുപോവുകയാണെന്നായിരുന്നു ഡ്രൈവര്‍ അന്വേഷിച്ചപ്പോള്‍ പറഞ്ഞതത്രെ.












Click it and Unblock the Notifications