വിമാനയാത്രക്കൂലി കുറയ്ക്കണമെന്ന് പഠനം
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ കുത്തക അവസാനിപ്പിച്ച് മറ്റ് വിമാനക്കമ്പനികള്‍ക്കും സര്‍വീസിന് അനുമതി നല്‍കി വിമാനയാത്രക്കൂലി കുറയ്ക്കണമെന്ന് വിദഗ്ധര്‍.
യുഎഇയിലെ മലയാളികളെ കുറിച്ച് സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസ് നടത്തിയ പഠനത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശമുള്ളത്. പഠനറിപ്പോര്‍ട്ട് ആഗസ്ത് 14 ചൊവാഴ്ച പ്രവാസികാര്യ മന്ത്രി എം. എം. ഹസന്‍ പ്രകാശനം ചെയ്തു. യുഎഇയിലെ തൊഴില്‍ മേഖലയിലും വിദേശ തൊഴിലാളികളുടെ ആവശ്യത്തിലും വരുന്ന മാറ്റങ്ങള്‍, മലയാളികളുടെ യുഎഇയിലെ തൊഴില്‍, വേതനം, സേവനവ്യവസ്ഥകള്‍, താമസം, തിരിച്ചുവരവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പഠനം നടത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ 15 ലക്ഷത്തിലധികം മലയാളികളുണ്ട്. 1997ന് ശേഷം ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്ക് കുടിയേറ്റം നടത്തുന്ന അവിദഗ്ധ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ നിന്നും ഏതാണ്ട് എഴര ലക്ഷം പേര്‍ കേരളത്തിലേക്ക് ഇതുവരെ മടങ്ങിവന്നതായി പഠനത്തില്‍ പറയുന്നു.
യുഎഇയില്‍ അഞ്ച് ലക്ഷത്തോളം മലയാളികളുണ്ട്. യുഎഇയില്‍ നിന്നും കഴിഞ്ഞ വര്‍ഷം കേരളത്തിലേക്ക് അയച്ചത് 3953 കോടി രൂപയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെല്ലാം കൂടി 12, 000 കോടി രൂപയാണ് പ്രതിവര്‍ഷം കേരളത്തിലേക്ക് അയക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
യുഎഇയിലെ മലയാളികള്‍ ഏതാണ്ട് പകുതിയോളം പേര്‍ ദിവസേന എട്ട് മണിക്കൂര്‍ മുതല്‍ 11 മണിക്കൂര്‍ വരെയും 11 ശതമാനം പേര്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെയും ജോലി ചെയ്യുന്നതായി പഠനസംഘത്തിന്റെ സര്‍വെയില്‍ കണ്ടെത്തി. 361 പേരില്‍ സര്‍വെ നടത്തിയപ്പോള്‍ അതില്‍ 22 ശതമാനം പേര്‍ക്കും ശമ്പളം കിട്ടാന്‍ വൈകുന്നു എന്ന് തെളിഞ്ഞു. ഏഴ് ശതമാനം പേര്‍ ശമ്പളം ലഭിക്കാത്തതു മൂലം ജോലി വേണ്ടെന്ന് വയ്ക്കാന്‍ നിര്‍ബന്ധിതരായി.
യുഎഇയിലെ നിയമമനുസരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യവിമാനടിക്കറ്റ് കൊടുക്കാന്‍ തൊഴിലുടമ ബാദ്ധ്യസ്ഥനാണെങ്കിലും 52 ശതമാനം പേര്‍ക്കും വിമാനടിക്കറ്റ് നല്‍കിയിട്ടില്ല. സര്‍വെ അനുസരിച്ച് 36 ശതമാനം മലയാളികളുടെയും പ്രതിമാസ നിക്ഷേപം 500 ദിര്‍ഹത്തില്‍ താഴെയാണ്. 37 ശതമാനം പേര്‍ 500 മുതല്‍ 1000 ദിര്‍ഹം വരെ നിക്ഷേപിക്കുന്നുണ്ട്.
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസിലെ ഡോ. കെ. സി. സക്കറിയ, ഡോ. എസ്. ഇറുദയരാജന്‍, കേരള സര്‍വകലാശാല സാമ്പത്തിക വകുപ്പിലെ ഡോ. ബി. എ. പ്രകാശ് എന്നിവര്‍ യുഎഇ സന്ദര്‍ശിച്ചാണ് പഠനം നടത്തിയത്.












Click it and Unblock the Notifications