16 പേര്‍ക്ക് ജീവന്‍രക്ഷാ പതക്ക്
തിരുവനന്തപുരം: മനുഷ്യസ്നേഹം മുന്‍നിര്‍ത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്നിച്ചവര്‍ക്കുള്ള ജീവന്‍രക്ഷാ പതക്ക് പുരസ്ക്കാരം ഇക്കുറി 16 പേര്‍ക്ക് ലഭിക്കും.
മഞ്ചേരിക്ക് സമീപം തുറക്കല്‍ പള്ളിയിലെ വാട്ടര്‍ ടാങ്കില്‍ വീണ റമീസ്, നൗഫല്‍ എന്നീ ബാലന്മാരെ രക്ഷിച്ച പാറപ്പുറത്ത് വീട്ടില്‍ ജംഷദ് കുരിക്കള്‍, ആലത്തിയൂരില്‍ കിണറ്റില്‍ വീണ മുഹമ്മദ് ഫൈസല്‍ എന്ന വിദ്യാര്‍ത്ഥിയെ ഒറ്റയ്ക്ക് രക്ഷിച്ച മംഗലം പുന്നമനയില്‍ ഷാജി എന്നിവര്‍ക്ക് സ്വാതന്ത്യ്രദിന ചടങ്ങില്‍ വച്ച് ജീവന്‍ രക്ഷാപതക്ക് സമ്മാനിക്കും.
കോട്ടയം ജില്ലയിലെ നാല് പേര്‍ക്കാണ് ജീവന്‍ രക്ഷാപതക്ക്. അിബാധയില്‍ നിന്നും അനുജത്തിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ചെമ്മനംപറമ്പില്‍ വിഷ്ണുവിലാസ്, അമ്മയുടെ സഹായത്താല്‍ മോഷ്ടാവിനെ പിടികൂടിയ പ്രിന്‍സ്. വി. ഡൊമിനിക്ക്, തോട്ടില്‍ വീണ രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച പുലിയന്നൂര്‍ നെടുമ്പള്ളില്‍ വീട്ടില്‍ തറങ്കപ്പന്‍, ചുഴലിബാധ വന്ന സ്ത്രീയെ രക്ഷിച്ച എം. ജി. വിജീഷ് എന്നിവര്‍ പുരസ്ക്കാരം ഏറ്റുവാങ്ങും.
പത്തനംതിട്ട ജില്ലയിലെ ഏഴംകുളത്ത് കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച എം. സാബു, വൈദ്യുതാഘാതമേറ്റ് തൊഴിലാളിയെ രക്ഷിച്ച തുമ്പമണ്‍ കളീക്കല്‍ വീട്ടില്‍ ഷാജി എന്നിവര്‍ക്കും പതക്കം നല്‍കും.
തൃശൂര്‍ പരിയാരം മാളിയേക്കല്‍ എം. ആര്‍. ഷാജന് കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിച്ചതിന് ജീവന്‍ രക്ഷാപതക്ക് ലഭിക്കും. പുഴയില്‍ വീണ കുട്ടികളെ രക്ഷിച്ചതിന് ഒറ്റപ്പാലം പാറമേല്‍ വി. പി. വിജയനും രണ്ട് കുട്ടികളെ തീ പിടിച്ച വീട്ടിനുള്ളില്‍ നിന്നും രക്ഷിച്ചതിന് ചേനൂര്‍ കാരിയാടന്‍ വീട്ടില്‍ കെ. കെ. ഷിബിനും അംഗീകാരം ലഭിക്കും.
കുളത്തില്‍ വീണ് മൂന്ന് കുട്ടികളെ രക്ഷിച്ചതിന് കോതമംഗലം അഷ്റഫുദീനും ആനയുടെ ആക്രമണത്തില്‍ നിന്നും ഗ്രാമീണരെ രക്ഷിച്ചതിന് പുതിയറ പി. പി. മസൂദിനും പണ്ടാരംപറമ്പ് വീട്ടില്‍ ബാബുവിനും പതക്കം സമ്മാനിക്കും. കൊല്ലം ജില്ലയിലെ മങ്ങാട് കരിക്കോട്ടു ചേരി പ്രശാന്ത് ഭവനത്തില്‍ കെ. പ്രശാന്തിന് മരണാനന്തര ബഹുമതിയായാണ് പതക്കം സമ്മാനിക്കുക. ഭാരതപ്പുഴയില്‍ വീണുപോയ കൂട്ടുകാരന്റെ ജീവന്‍ രക്ഷിച്ചതിനാണിത്.
തന്നെയും സഹോദരങ്ങളെയും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കാട്ടിയ ധൈര്യത്തിനാണ് തിരുവനന്തപുരം അയിരൂര്‍ പാളയംകുന്ന് വിളയില്‍ വീട്ടിലെ പതിനൊന്നുകാരി ലെജിയ്ക്ക് പതക്കം സമ്മാനിക്കുക.












Click it and Unblock the Notifications