സുബ്രഹ്മണ്യത്തിന്റെ നിയമനത്തെച്ചൊല്ലി ബഹളം
ദില്ലി: എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് യുടിഐ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സുബ്രഹ്മണ്യത്തെ നിയമിച്ചിരുന്നതെന്ന് കേന്ദ്രധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ. യുടിഐ ചെയര്‍മാന്‍സ്ഥാനത്തേക്ക് സുബ്രഹ്മണ്യത്തെ നിയമിച്ചതിനെച്ചൊല്ലി ലോക്സഭയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ബഹളത്തിനുശേഷമാണ് ആഗസ്ത് 16 വ്യാഴാഴ്ച സിന്‍ഹ ഈ പ്രസ്താവനന ടത്തിയത്.
ജയലളിതയുടെ നേരെ എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഉയര്‍ത്തിയ ആരോപണങ്ങളെപ്പറ്റി വിശദീകരണംആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് ബഹളം തുടങ്ങിയത്. സുബ്രഹ്മണ്യത്തെ യുടിഐ ചെയര്‍മാനായി നിയമിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആരോപിച്ചിരുന്നു.
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആക്രമണം അഴിച്ചുവിട്ടത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിലൂടെ സഭയെ വഴിതെറ്റിക്കാന്‍ ശ്രമിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ താക്കീതു ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് സിപിഎം അംഗങ്ങളും ബഹളംവെച്ചു.
തുടര്‍ന്ന് എഐഎഡിഎംകെ സഭാനേതാവ് പി.എച്ച്.പി. പാണ്ഡ്യനും വിശദീകരണം ആവശ്യപ്പെട്ട് എഴുന്നേറ്റു. ഭരണപക്ഷത്തുനിന്നും ഇതിനെതിരെ ബഹളം തുടങ്ങിയതോടെ സഭയാകെ ശബ്ദായമാനമായി. ശാന്തരാകാനുള്ള സ്പീക്കര്‍ ബാലയോഗിയുടെ നിര്‍ദേശം ആരും ചെവിക്കൊണ്ടില്ല.
സുബ്രഹ്മണ്യത്തിന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം അടങ്ങിയത്.












Click it and Unblock the Notifications