ബുഷിന്റെ സന്ദര്‍ശനം അടുത്ത വര്‍ഷം?
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു ബുഷ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് കരുതുന്നു. സന്ദര്‍ശന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളുടെയും നയതന്ത്രവിദഗ്ധര്‍ സന്ദര്‍ശനതീയതി പെട്ടെന്നു തന്നെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനം കഴിഞ്ഞയുടന്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനവുമുണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍.
സന്ദര്‍ശനം ഇന്ത്യയിലേക്ക് മാത്രമായിരിക്കുമെന്നും സൂചനയുണ്ട്. മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ പാകിസ്ഥാനില്‍ ഒരു ദിവസം ചെലവഴിക്കാന്‍ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍ ബുഷ് ഇന്ത്യ മാത്രമേ സന്ദര്‍ശിക്കുകയുള്ളൂവെന്നാണ് കരുതുന്നത്.
മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിനെത്തുടര്‍ന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട തലത്തിലേക്ക് ഉയര്‍ത്താനായിരിക്കും ജോര്‍ജ് ബുഷിന്റെയും ശ്രമം.
ഇന്ത്യാ സന്ദര്‍ശനത്തിനു മുമ്പ് അടുത്ത മാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ ബുഷും ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. 1998ല്‍ പൊഖ്റാന്‍ ആണവപരീക്ഷണം നടത്തിയ ശേഷം അമേരിക്ക ഇന്ത്യക്കു മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ചില തീരുമാനങ്ങള്‍ ആ കൂടിക്കാഴ്ചയില്‍ ഉണ്ടാകുമെന്ന് നയതന്ത്രജ്ഞര്‍ കരുതുന്നുണ്ട്.












Click it and Unblock the Notifications