കോഴിക്കോടിനുള്ള ഗോതമ്പ് കുറ്റിപ്പുറത്തെത്തിക്കും
തിരുവനന്തപുരം: കടലുണ്ടി പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ കോഴിക്കോട് ജില്ലയ്ക്കുള്ള ഗോതമ്പ് കുറ്റിപ്പുറത്തെത്തിക്കാമെന്ന് എഫ്സിഐ അധികൃതര്‍ സമ്മതിച്ചതായി ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്കുള്ള ഗോതമ്പും ഓണത്തിന് മുമ്പ് എത്തിക്കുമെന്ന് എഫ്സിഐ അധികൃതര്‍ ഉറപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു. റേഷന്‍ കടകള്‍ വഴി ഇനി പച്ചരിയും വിതരണം ചെയ്യാമെന്ന് എഫ്സിഐ സമ്മതിച്ചിട്ടുണ്ട്. ആഗസ്ത് 16 വ്യാഴാഴ്ച എഫ്സിഐ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കാര്‍ത്തികേയന്‍ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്തെ എഫ്സിഐ ഗോഡൗണുകളില്‍ നിന്നും ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എഫ്സിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കായംകുളം ഗോഡൗണില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള അരിയാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യാതൊരു കാരണവശാലും പഴകിയ അരി എടുക്കരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ഇതായിരിക്കും സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി എഫ്സിഐ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്.ഓണക്കാലത്ത് കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി എഫ്സിഐ അധികൃതരോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications