ഛോട്ടാ ഷക്കീല്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന്
മുംബൈ: അധോലോക നേതാവ് ഛോട്ടാ ഷക്കീല്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ശരിയല്ലെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. താന്‍ സിംഗപ്പൂരിലുണ്ടെന്നും തനിക്കും ദാവൂദ് ഇബ്രാഹിമിനുമെതിരെ ആക്രമണം നടന്നുവെന്ന പ്രചാരണം കെട്ടിച്ചമച്ചതാണെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞതായി ഒരു സ്വകാര്യടിവി ചാനലും ആഗസ്ത് 19 ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഛോട്ടാ ഷക്കീല്‍ ജീവിച്ചിരിപ്പുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഛോട്ടാ ഷക്കീല്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണത്തെ തുടര്‍ന്ന് മുബൈയില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടാവുമെന്ന ഭീതിയുണ്ടായിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഇതേ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തന്റെ ശത്രുക്കളാണ് താന്‍ കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞു. കറാച്ചിയിലെ ക്ലിഫ്ടൗണിലെ ദാവൂദിലെ വസതിക്ക് സമീപം വെച്ച് ഛോട്ടാ ഷക്കീല്‍ വെടിയേറ്റു മരിച്ചുവെന്നായിരുന്നു നേരത്തെ പരന്ന വാര്‍ത്ത.
ഛോട്ടാ രാജനാണ് ഷക്കീലിനെ ആക്രമിച്ചതിന് പിന്നിലെന്നും വാര്‍ത്തയുണ്ടായിരുന്നു. ബാങ്കോക്കില്‍ അക്രമിക്കപ്പെട്ടതിന് പ്രതികാരമായാണ് ഛോട്ടാ രാജന്‍ ഷക്കീലിനെതിരായ ആക്രമണം ആസൂത്രണം ചെയ്തതെന്നായിരുന്നു അനൗദ്യോഗികമായ റിപ്പോര്‍ട്ട്.












Click it and Unblock the Notifications