കാര്‍ത്തികേയനെതിരെ ഐ ഗ്രൂപ്പ്
തിരുവനന്തപുരം: മൂന്നാം ഗ്രൂപ്പുകാരനായ മന്ത്രി ജി. കാര്‍ത്തികേയനെതിരെ ഐ ഗ്രൂപ്പ് നീക്കങ്ങള്‍ നടത്തുന്നു. കെടിഡിസി ചെയര്‍പേഴ്സണായി ഐ ഗ്രൂപ്പ് നേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിനെ നിയമിച്ച നടപടിയെ ചോദ്യം ചെയ്ത കാര്‍ത്തികേയന്‍ രാജിവക്കണമെന്ന് ഐ ഗ്രൂപ്പ് നേതൃയോഗം ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.
ജോസി സെബാസ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കാര്‍ത്തികേയനെതിരായ പ്രമേയം പാസ്സാക്കിയത്. ഐ ഗ്രൂപ്പിലെ വിവിധ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പത്മജയെ കെടിഡിസി ചെയര്‍പേഴ്സണായി നിയമിക്കുക വഴി കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ കുടുംബക്ഷേമം നോക്കുകയാണെന്നായിരുന്നു കാര്‍ത്തികേയന്റെ പരാമര്‍ശം.
മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകനായ പ്രൊഫ. കെ.വി. തോമസിന്റെ തീരുമാനത്തെയാണ് പത്മജയുടെ നിയമനത്തെ വിമര്‍ശിക്കുക വഴി കാര്‍ത്തികേയന്‍ ചോദ്യം ചെയ്തിരിക്കുന്നത്. പത്മജയുടെ നിയമനം നടത്തിയത് കെപിസിസി പ്രസിഡണ്ടല്ല, സര്‍ക്കാരാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ കൂട്ടുത്തരവാദിത്തമുള്ള മന്ത്രി ജി. കാര്‍ത്തികേയന്‍ തന്നെ തീരുമാനങ്ങള്‍ക്കെതിരെ പ്രസ്താവനയുമായി രംഗത്തുവന്നത് മലര്‍ന്ന് കിടന്നു തുപ്പുന്നതിനു തുല്യമാണ് - പ്രമേയം പറഞ്ഞു.
കരുണാകരന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ എല്ലാ വിധ അധികാര സൗഭാഗ്യങ്ങളും അനുഭവിക്കുകയും അദ്ദേഹത്തിന് അപകടം സംഭവിച്ചപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത പാരമ്പര്യമാണ് മൂന്നാം ഗ്രൂപ്പിനും കാര്‍ത്തികേയനുമുള്ളത്. ഇപ്പോള്‍ അധികാരത്തിന്റെ അപ്പക്കഷണത്തിനു വേണ്ടി മുഖ്യമന്ത്രി എ.കെ. ആന്റണിക്കു ചുറ്റും സ്തുതിപാഠകരായി വര്‍ത്തിക്കുകയാണിവര്‍. കരുണാകരനെ തിരസ്കരിച്ചവര്‍ കാര്യം കഴിഞ്ഞാല്‍ ആന്റണിയെയും കറിവേപ്പില പോലെ വലിച്ചെറിയും - ഐ ഗ്രൂപ്പ് നേതാവ് വി.എസ്. ശിവകുമാര്‍ എം.പി പറഞ്ഞു.












Click it and Unblock the Notifications