കെല്‍ട്രോണ്‍ തകര്‍ച്ചയുടെ വക്കില്‍: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇലക്ട്രോണിക് വ്യവസായ രംഗത്തെ അതുല്യസാന്നിധ്യമായിരുന്ന കെല്‍ട്രോണ്‍ ഏത് നിമിഷവും അടച്ചുപൂട്ടാവുന്ന സ്ഥിതിയിലാണെന്ന് സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍.
ഏറെ പ്രതീക്ഷയോടെയാണ് കേരളത്തില്‍ ഇലക്ട്രോണിക് വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് കെല്‍ട്രോണ്‍ ആരംഭിച്ചത്. ആഗസ്ത് 20 തിങ്കളാഴ്ച കേരള കമ്പ്യൂട്ടര്‍ ഇന്‍സ്റിറ്റ്യൂട്ട് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാര്‍ത്തികേയന്‍.
കെല്‍ട്രോണിനെ അനുകരിച്ച് വിവിധ സംസ്ഥാനങ്ങള്‍ അതത് സ്ഥലങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങി. അധികൃതരുടെ പിടിപ്പുകേടും മാനേജ്മെന്റുകളുടെ ദുര്‍ഭരണവും മൂലം കേരളത്തിന്റെ അഭിമാനസ്തംഭമാകേണ്ടിയിരുന്ന കെല്‍ട്രോണ്‍ ദുര്‍ഗതിയിലായെന്ന് മന്ത്രി പറഞ്ഞു. വിവരസാങ്കേതിക രംഗത്തും ഒന്നും ചെയ്യാന്‍ കെല്‍ട്രോണിന് കഴിഞ്ഞില്ലെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യമേഖലയിലെ കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. നിലവാരമില്ലാത്ത സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ വഞ്ചിതരാവുകയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ യോഗ്യത, സിലബസ്, ഫീസ് എന്നിവയില്‍ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications