ബസ് സര്‍വീസ് കുറച്ചപ്പോള്‍ ലാഭകരമായി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ഡീസല്‍ തുകയിനത്തില്‍ വന്‍ ലാഭമുണ്ടായെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേശ്കുമാര്‍.
നഷ്ടത്തിന്റെ പേരില്‍ 7600 കിലോമീറ്ററുകളുടെ സര്‍വീസാണ് വെട്ടിക്കുറച്ചത്. ഒരാഴ്ച പിന്നിടും മുമ്പേ ഡീസല്‍ ഇനത്തില്‍ വന്‍ തുക ലാഭിക്കാനായെന്ന് മന്ത്രി പറഞ്ഞു. ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതില്‍ അപാകതുണ്ടെങ്കില്‍ പുനപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തമ്പാനൂര്‍ ബസ് സ്റാന്‍ഡില്‍ ഏര്‍പ്പെടുത്തിയ കമ്പ്യൂട്ടര്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം ആഗസ്ത് 20 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊച്ചി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ കൂടി കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ 10 ശതമാനം വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍വീസ് വെട്ടിക്കുറച്ച് ലാഭമുണ്ടാക്കാനാവില്ലെന്നും കെഎസ്ആര്‍ടിസിയുടെ ഘടനയില്‍ അടിമുടി മാറ്റമാണ് വേണ്ടതെന്നും ആഗസ്ത് 20 തിങ്കളാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വിഎസ് പറഞ്ഞു.
ഓണക്കാലത്തെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് പകരം സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടി സാധാരണക്കാരോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് വിഎസ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications