പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
ശരാശരി ആയുര്‍ദൈര്‍ഘ്യം 80 വയസ് മുതല്‍ 85 വയസ് വരെയുള്ള കേരളത്തില്‍ പെന്‍ഷന്‍ പ്രായം 58 ആക്കുന്നതില്‍ തെറ്റില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. രാജീവ്ഗാന്ധിയുടെ 57ാം ജന്മദിനത്തോടനുബന്ധിച്ച് ആഗസ്ത് 20 തിങ്കളാഴ്ച രാജീവ്ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തത് കൊണ്ടുമാത്രം തൊഴിലവസരങ്ങള്‍ ഉണ്ടാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ബംഗാളിലെ നയമെങ്കിലും കേരളം പിന്തുടരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു. ബംഗാളില്‍ പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യമേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയെ കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. വിറ്റുവരവ് നികുതി പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്ന് തുടര്‍ന്ന് നടന്ന സെമിനാറില്‍ പങ്കെടുക്കവെ ധനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications