ബസുമതി പേറ്റന്റ്: ലോക്സഭ സ്തംഭിച്ചു
ദില്ലി: യുഎസിലെ ഒരു സ്ഥാപനം ബസുമതിയുടെ പേറ്റന്റെടുത്തതിനെച്ചൊല്ലി സമാജ്വാദി പാര്‍ട്ടിയംഗങ്ങള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് ലോക്സഭ സ്തംഭിച്ചു. ആഗസ്ത് 21 ചൊവാഴ്ച സമാജ്വാദി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സഭാ നടുത്തളത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്പീക്കര്‍ ജിഎംസി ബാലയോഗി ലോക്സഭ നീര്‍ത്തിവയ്ക്കുകയായിരുന്നു.
സഭ സമ്മേളിച്ചയുടന്‍ സമാജ്വാദി നേതാവ് അഖിലേഷ് സിംഹും റാം സാഗറും ആണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു അമേരിക്കന്‍ കമ്പനി ബസുമതിയുടെ പേറ്റന്റ് എടുത്തതായുള്ള പത്രവാര്‍ത്ത ഉയര്‍ത്തിക്കാണിച്ചായിരുന്നു ബഹളം. ഇത് ഇന്ത്യയിലെ കര്‍ഷകരെ ബാധിക്കുമെന്ന് രണ്ടു പേരും ഉറക്കെ വാദിച്ചു.
എന്നാല്‍ ഒരു ഘട്ടത്തില്‍ ക്യാമറകള്‍ അണയ്ക്കാനും അംഗങ്ങള്‍ പറയുന്നതൊന്നും രേഖയിലാക്കരുതെന്നും സ്പീക്കര്‍ നിര്‍ദേശം നല്കി. എന്നാല്‍ സ്പീക്കറുടെ റൂളിംഗിന് സമാജ്വാദി അംഗങ്ങള്‍ വഴങ്ങിയില്ല. ചോദ്യോത്തരവേള തുടരാന്‍ സമ്മതിക്കാതെ അവര്‍ ബഹളം കൂട്ടിക്കൊണ്ടിരുന്നു.
രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമായതിനാല്‍ , സര്‍ക്കാര്‍ പേറ്റന്റ് പ്രശ്നത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ജയപാല്‍ റെഡ്ഡി ഇടപെട്ടു.
എന്നാല്‍ ചോദ്യോത്തരവേളയില്‍ എങ്ങിനെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയുക എന്ന് സ്പീക്കര്‍ തിരിച്ചു ചോദിച്ചു. സ്പീക്കറുടെ തുടരെത്തുടരെയുള്ള അഭ്യര്‍ത്ഥനകളെ മാനിക്കാതെ സമാജ്വാദി അംഗങ്ങള്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications