എംപിമാരുടെ ശമ്പളം 300 ശതമാനം കൂട്ടും
ദില്ലി: എംപിമാരുടെ ശമ്പളം 300 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള ബില്‍ ഇന്ന് (ആഗസ്ത് 21 ചൊവാഴ്ച) ലോക്സഭയില്‍ അവതരിപ്പിക്കും. എംപിമാര്‍ ബില്‍ ശബ്ദവോട്ടോടെ പാസ്സാക്കുമെന്നാണ് കരുതുന്നത്.
ബില്ലിനെ ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷമായ കോണ്‍ഗ്രസും അനുകൂലിക്കുന്നുണ്ട്. സിപിഎം മാത്രമാണ് ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുള്ള ഏകകക്ഷി. ബില്‍ പാസ്സാകുന്നതോടെ വര്‍ഷം തോറും 20 കോടി രൂപയുടെ അധികബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടാകും.
ശമ്പളവര്‍ദ്ധനവിനു പുറമെ ഒട്ടേറെ അലവന്‍സുകളും ബില്ലില്‍ അനുവദിക്കുന്നുണ്ട്. എല്ലാ എംപിമാര്‍ക്കും ഒരു ലക്ഷം സൗജന്യകോളുകളുള്ള മൊബൈല്‍ ഫോണ്‍, ദിനബത്തയില്‍ 25 ശതമാനം വര്‍ദ്ധന, മണ്ഡലാടിസ്ഥാനത്തിലുള്ള അലവന്‍സില്‍ 2,000 രൂപയുടെ വര്‍ദ്ധന, ഗതാഗത അലവന്‍സിലുള്ള വര്‍ദ്ധന എന്നിവയും ഇതില്‍ ഉള്‍പ്പെടും.
ഒരു മാസത്തെ ഓഫീസ് ചെലവുകള്‍ക്കുള്ള തുക 9,500 രൂപയില്‍ നിന്ന് 14,000 രൂപയായി വര്‍ദ്ധിപ്പിക്കും. 1,000 കിലോമീറ്റര്‍ പരിധിയില്‍ 20,000 രൂപയ്ക്കുള്ള അധിക ടെലിഫോണ്‍ കോളുകളും അനുവദിക്കും. സൗജന്യമായി നല്‍കുന്ന വെള്ളം, വൈദ്യുതി എന്നിവയുടെ അളവും ഇരട്ടിയാക്കും.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ എല്ലാ എംപിമാരുടെയും സമ്മതം ലഭിച്ച ഏക ബില്ലാണ് ഇത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications