കരാറുകാര്‍ പണി നിര്‍ത്തിവയ്ക്കുന്നു
തിരുവനന്തപുരം: കരാറുകാര്‍ക്കുള്ള കുടിശിക സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പൊതുമരാമത്ത്, ജലസേചന മേഖലയിലെ കരാറുകാര്‍ പണി നിര്‍ത്തിവയ്ക്കുന്നു.
കുടിശിക തുക ഗണ്യമായി വര്‍ധിച്ച് 1300 കോടി രൂപയിലെത്തിയിട്ടും സര്‍ക്കാര്‍ നടപടികളൊന്നും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സപ്തംബര്‍ ഒന്ന് മുതല്‍ പണികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്നതെന്ന് ആള്‍ കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ആഗസ്ത് 21 ചൊവാഴ്ച അറിയിച്ചു.
രണ്ടിലേറെ വര്‍ഷം പഴക്കമുള്ള കുടിശിക ബില്ലുകള്‍ക്ക് ഓണത്തിന് മുമ്പ് തുക അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട മന്ത്രിമാരോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇക്കൊല്ലത്തെ ബജറ്റ് വിഹിതം പോലും ഇതുവരെയും നല്‍കിയിട്ടില്ല. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ സീസണില്‍ ശബരിമലയിലേക്കുള്ള മരാമത്ത് പണികളുള്‍പ്പടെ നിര്‍ത്തിവയ്ക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രിസഭയുടെ 100ാം ദിനമായ ആഗസ്ത് 24ന് പ്രധാനപ്പെട്ട പാലങ്ങള്‍ ഉപരോധിക്കും. ഓണത്തിന് മുമ്പായി കുടിശികയില്‍ ഗണ്യമായ ഭാഗവും ബജറ്റ് വിഹിതവും അനുവദിക്കാത്ത പക്ഷം കരാറുകാര്‍ മന്ത്രിമാരെ വഴിതടയുന്നതടക്കമുള്ള സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications