കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരനെതിരെ മൂന്നാം ഗ്രൂപ്പ് തുറന്ന പോരാട്ടത്തിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ. കരുണാകരന്‍ നയിക്കുന്ന ഐ ഗ്രൂപ്പിനെതിരെ മൂന്നാം ഗ്രൂപ്പ് തുറന്ന പോരാട്ടത്തിന് കോപ്പുകൂട്ടിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് വീണ്ടും മൂര്‍ച്ഛിക്കുന്നു.

കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ കെടിഡിസി ചെയര്‍പേഴ്സണായി നിമയിച്ചതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്. പത്മജയുടെ നിയമനത്തില്‍ മന്ത്രി ജി. കാര്‍ത്തികേയന്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും മന്ത്രി രാജിവക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുകയും ചെയ്തുകഴിഞ്ഞു.

ഏറെക്കാലം സംഘടനാ പ്രവര്‍ത്തനം നടത്തുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത ഒട്ടേറെ പേര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നിരിക്കെ ഒരു നാള്‍ പൊട്ടിമുളച്ച പത്മജയ്ക്ക് കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം നല്‍കാമോ എന്നാണ് മൂന്നാം ഗ്രൂപ്പ് ചോദിക്കുന്നത്.

40 വര്‍ഷമായി കോണ്‍ഗ്രസിനെ സേവിക്കുന്ന കരുണാകരന്റെ കുടുംബത്തിന് ഇതെല്ലാം അവകാശപ്പെട്ടതാണെന്ന മുഖ്യമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവരുടെ വാദത്തെയും ഇവര്‍ തള്ളിക്കളഞ്ഞു. കരുണാകരന്റെ കുടുംബത്തിന് ഇത്രയും കാലം സൗഭാഗ്യങ്ങളുടെ കാലമല്ലായിരുന്നോ..? എന്നാല്‍ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയും പില്‍ക്കാലത്ത് കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും ചെയ്ത ഒട്ടേറെ പേര്‍ ഇന്നും അര്‍ഹമായ പരിഗണന ലഭിക്കാതെ കഴിയുന്നു. ഇവരില്‍ ചിലര്‍ പട്ടിണിയിലാണ് കഴിയുന്നതും. ഏറെക്കാലമായി പാര്‍ട്ടി ഇവരെ അവഗണിക്കുകയാണ് - മൂന്നാംഗ്രൂപ്പ് നേതാക്കളുടെ സംസ്ഥാനതല യോഗം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ പാരമ്പര്യവും മൂല്യങ്ങളും ലംഘിച്ച് ഭീഷണിപ്പെടുത്തി നേടിയെടുക്കുന്ന സ്ഥാനമാനങ്ങളെ പിന്തുണയ്ക്കാന്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിലും ആളുകളുണ്ടായതില്‍ യോഗം അത്ഭുതം രേഖപ്പെടുത്തി. യജമാന സന്നിധിയില്‍ ഉപജാപകസംഘം സംഘടിപ്പിക്കുന്ന പാരമ്പര്യമുള്ള ഇവര്‍ക്ക് പാര്‍ട്ടിയും സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് പറയാന്‍ അവകാശമില്ല.

തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കള്‍ക്കുപുറമെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X