കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി നിരക്ക്: സര്‍ക്കാര്‍ നിയന്ത്രണമില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിലവില്‍ വരുന്നതോടെ വൈദ്യുതി നിരക്കിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം നഷ്ടമാകുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.

കമ്മീഷന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ആഗസ്ത് 21 ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കടവൂര്‍ വ്യക്തമാക്കി. ഇത് ആഗസ്ത് 20ന് ഒപ്പുവച്ച കരാറില്‍ വിവക്ഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ബോര്‍ഡ് ഇപ്പോള്‍ കര്‍ഷകരടക്കമുള്ളവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സബ്സിഡികളെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

2002 മാര്‍ച്ച് 31ന് മുമ്പ് വൈദ്യുതി ബോര്‍ഡിനെ ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലാക്കുക എന്നാണ് കരാറില്‍ പറയുന്നത്. വൈദ്യുതി ബോര്‍ഡിനെ നഷ്ടത്തില്‍ നിന്നും കരകയറ്റണമെങ്കില്‍ നിരക്ക് വര്‍ധന 60 ശതമാനമായെങ്കിലും വര്‍ധിപ്പിക്കണമെന്നായിരുന്നു ധവളപത്രത്തിലെ ശുപാര്‍ശ. അതിനാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടാകുമോ എന്നത് തീര്‍ത്തുപറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ കമ്മീഷന് മുമ്പാകെ വച്ചാല്‍ മാത്രമേ കമ്മീഷന്‍ നിരക്ക് വര്‍ധിപ്പിക്കുകയുള്ളു. അത് നിരക്ക് വര്‍ധനയുടെ എല്ലാ വശങ്ങളും പഠിച്ച ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.റെഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കുന്നതിന് ചീഫ് സെക്രട്ടറി, റിട്ടയേര്‍ഡ് ജഡ്ജി, കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയോഗിക്കും. ഈ കമ്മിറ്റി ആറ് പേരുടെ പേര് നിര്‍ദേശിക്കും. ഇതില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്തായിരിക്കും റെഗുലേറ്ററി കമ്മീഷന്‍ രൂപീകരിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.

റെഗുലേറ്ററി കമ്മീഷനെ നിയമിക്കുന്നതും വൈദ്യുതി നിരക്ക് 62 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതും ഇടതുമുന്നണി സര്‍ക്കാരിന്റെ വൈദ്യുതോര്‍ജ്ജ നയത്തില്‍ പറഞ്ഞിരുന്നതാണ്. എന്നിട്ടും അതേ നയം യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ കുറ്റപ്പെടുത്തുന്നത് കുളം കലക്കി മീന്‍ പിടിക്കുന്നതു പോലെയാണെന്ന് കടവൂര്‍ കുറ്റപ്പെടുത്തി.

പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള 14 സംസ്ഥാനങ്ങള്‍ ഇതേ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ധാരണാപത്രം കേന്ദ്രസര്‍ക്കാരുമായി ഒപ്പുവച്ചു കഴിഞ്ഞുവെന്നും കടവൂര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X