മെഡിക്കല്‍ കോളജ്: അപേക്ഷകര്‍ സത്യവാങ്ങ്മൂലം നല്‍കണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ സ്വാശ്രയ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ദന്തല്‍ കോളജുകള്‍ തുടങ്ങുന്നതിന് അപേക്ഷ നല്‍കിയവര്‍ക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
അപേക്ഷയോടൊപ്പം സത്യവാങ്ങ്മൂലവും ബോണ്ടും നല്‍കണമെന്നതാണ് വ്യവസ്ഥകളെന്ന് ആഗസ്ത് 22 ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ആന്റണി പറഞ്ഞു. അപേക്ഷയില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണെന്ന സത്യവാങ്ങ്മൂലവും എന്തെങ്കിലും കാരണത്താല്‍ കോളജുകള്‍ അനുവദിക്കുമ്പോള്‍ സര്‍ക്കാരിന് ധനനഷ്ടം ഉണ്ടാവുകയാണെങ്കില്‍ തുല്യമായ തുക അപേക്ഷകന്‍ നല്‍കിക്കൊള്ളാമെന്ന ബോണ്ടുമാണ് നല്‍കേണ്ടത്.
ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ആഗസ്ത് 21 ചൊവാഴ്ച വൈകുന്നേരം വരെ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം എന്‍ഒസി നല്‍കും. ആഗസ്ത് 23 വ്യാഴാഴ്ച മുതല്‍ ആരോഗ്യവകുപ്പില്‍ നിന്നും എന്‍ഒസി വിതരണം ചെയ്തു തുടങ്ങും. ദില്ലിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 31 ആയതുകൊണ്ടാണ് വളരെ വേഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുത്തതെന്ന് ആന്റണി വ്യക്തമാക്കി.
ആദിവാസികള്‍ക്കുള്ള സൗജന്യറേഷന്‍ ഒരു മാസത്തേക്ക് കൂടിയും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ സൗജന്യ റേഷന്‍ ഒരാഴ്ചത്തേക്ക് കൂടിയും നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, വിധവകള്‍, വൃദ്ധര്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ മൂന്ന് മാസത്തേക്കുള്ളത് ഓണത്തിന് മുമ്പ് കൊടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്ലസ്ടു അധ്യാപകരുടെ ശമ്പളം ഓണത്തിന് മുമ്പ് കൊടുക്കുവാന്‍ ചില സാങ്കേതിക തടസങ്ങളുണ്ട്. തടസം നീങ്ങുകയാണെങ്കില്‍ ഓണത്തിന് മുമ്പ് ശമ്പളം നല്‍കുമെന്നും ആന്റണി അറിയിച്ചു.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും തലപ്പത്ത് രാഷ്ട്രീയക്കാര്‍ വരുന്നത് കാലാകാലങ്ങളായി തുടര്‍ന്നുവരുന്നതാണെന്ന് കെടിഡിസി അധ്യക്ഷ സ്ഥാനത്തേക്ക് പത്മജയുടെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആന്റണി പറഞ്ഞു. മുമ്പ് ചെയര്‍മാനായിരുന്ന സി. കെ. ചന്ദ്രപ്പന്‍ നല്ല രാഷ്ട്രീയക്കാരനാണെങ്കിലും ഒരു വിനോദസഞ്ചാര വിദഗ്ധനായിരുന്നില്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
കാസര്‍ഗോഡ് പെദ്രെയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തിവച്ചത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്. അതിനായി കര്‍ണാടക സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. അതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. അത് പൂര്‍ത്തിയായാലുടന്‍ നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് പരിഗണിക്കുമെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications