ഓണം വാരാഘോഷം ആഗസ്ത് 30 മുതല്‍
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ആഗസ്ത് 30 മുതല്‍ സപ്തംബര്‍ അഞ്ച് വരെ നടക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഓണത്തോടനുബന്ധിച്ച് ഓണാഘോഷവും വിനോദസഞ്ചാരവാരാഘോഷവും നടത്തുന്നുണ്ട്.
ജില്ലാ ആസ്ഥാനങ്ങളിലാണ് പ്രധാനമായും ആഘോഷങ്ങള്‍ നടക്കുക. ജില്ലകളിലെ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ ആഘോഷം ചെറിയ തോതിലായിരിക്കും.
തിരുവനന്തപുരത്തെ സൂര്യകാന്തി, പൂജപ്പുര മൈതാനം, വിജെടി ഹാള്‍, ടാഗോര്‍ തിയേറ്റര്‍, ജവഹര്‍ ബാലഭവന്‍ എന്നിവടങ്ങളിലാണ് പരിപാടികള്‍ നടക്കുകയെന്ന് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് ആഗസ്ത് 23 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് 29ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി സംസ്ഥാനതല ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ജവഹര്‍ ബാലഭവനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പ്രത്യേക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൂര്യകാന്തിയിലെ വേദികളിലൊന്ന് കളരിത്തറയും മറ്റൊന്ന് നാടന്‍ കലകള്‍ക്ക് വേണ്ടിയുമാണ്. പൂജപ്പുര മൈതാനിയില്‍ ഗാനമേള, ടാഗോര്‍ തിയേറ്ററില്‍ നാടകം, സംഘനൃത്തം, വിജെടി ഹാളില്‍ ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം എന്നിവ നടക്കും.
വെള്ളയമ്പലം മുതല്‍ പാളയം വരെ വൈദ്യുതാലങ്കാരം ഉണ്ടായിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കായിക വിനോദങ്ങള്‍ സംഘടിപ്പിക്കും. സപ്തംബര്‍ അഞ്ചിന് നടക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും.












Click it and Unblock the Notifications