തെറ്റായ വാര്‍ത്ത: തെഹല്‍ക ക്ഷമാപണം നടത്തി
ദില്ലി: അസം മന്ത്രിക്കെതിരായ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തെഹല്‍ക.കോം ക്ഷമാപണം നടത്തി.
മുന്‍ അസം മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്ത തന്നെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാനായി സംഗമിത്ര ബരാലിയ്ക്ക് അസം മന്ത്രി ശരത് ബാര്‍കടോകി 15 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു തെഹല്‍ക റിപ്പോര്‍ട്ടിലെ ആരോപണം. ആഗസ്ത് 18നാണ് വെബ് സൈറ്റില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
മഹന്തയുടെ അനുയായികള്‍ നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്ത എഴുതിയതെന്നും ആരോപണം തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചിട്ടില്ലെന്നും സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ പറയുന്നു. എഡിറ്റോറിയല്‍ പരിശോധന നടത്താതെയാണ് വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടതെന്നും എഡിറ്റ് ചെയ്യുന്നതിനു മുമ്പുള്ള വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരണവേളയില്‍ വാര്‍ത്തയില്‍ വീണ്ടും സ്ഥാനം പിടിച്ചെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ആര്‍ക്കെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയെങ്കില്‍ ക്ഷമാപണം നടത്തുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ആയുധ ഇടപാട് രഹസ്യങ്ങള്‍ ചോര്‍ത്താനായി തെഹല്‍ക റിപ്പോര്‍ട്ടര്‍മാര്‍ ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചത് സംബന്ധിച്ചുള്ള വിവാദം പുകയുന്നതിനിടയിലാണ് തെഹല്‍ക തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ക്ഷമാപണം നടത്തുന്നത്.












Click it and Unblock the Notifications