മേധയെ ഒഴിവാക്കി; അരുന്ധതിക്കെതിരെ നോട്ടീസ്
ദില്ലി: കോടതിയ്ക്കെതിരെ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബുക്കര്‍ പ്രൈസ് ജേതാവായ എഴുത്തുകാരി അരുന്ധതിറോയിക്കെതിരെ സുപ്രിം കോടതി ഷോകോസ് നോട്ടീസയച്ചു. അതേ സമയം നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാപട്ക്കറെ കോടതി നോട്ടീസ് അയക്കുന്നതില്‍ നിന്നും ഒഴിവാക്കി.
അരുന്ധതിയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ഡിസംബറില്‍ സുപ്രിം കോടതിക്കു മുന്നില്‍ നര്‍മദാ ബചാവോ ആന്ദോളന്‍ നടത്തിയ റാലി സംബന്ധിച്ച് കോടതിക്കെതിരെ അരുന്ധതി സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്കെതിരെ നടപടിക്ക് നീക്കം.
കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അരുന്ധതി സുപ്രിം കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. കോടതിക്ക് മുന്നില്‍ നടത്തിയ റാലിയില്‍ കോടതിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ മേധാ പട്കര്‍ക്കും അഭിഭാഷകനായ പ്രശാന്ത് ഭൂഷനും അരുന്ധതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയോട് പ്രതികരിച്ചുകൊണ്ടാണ് അരുന്ധതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ജസ്റിസ് ജി.ബി.പട്നായിക്കും ജസ്റിസ് രുമ പാലും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കോടതിയലക്ഷ്യപരമാണ് അരുന്ധതിയുടെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടിയത്. കോടതി തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച അരുന്ധതി ജുഡീഷ്യറിയ്ക്ക് അവരോട് വ്യക്തിപരമായ വിദ്വേഷമുണ്ടെന്ന മട്ടിലാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ബെഞ്ച് പറഞ്ഞു. ആഗസ്ത് രണ്ടിന് കേസിന്മേല്‍ കോടതി വാദം കേള്‍ക്കും.












Click it and Unblock the Notifications