കണ്ണന്താനത്തിന്റെ നടപടി ശരിയല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിക്കെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശനമുയര്‍ത്തിയത് ശരിയല്ലെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
കണ്ണന്താനത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ നിയമപ്രകാരം അത് ബോധിപ്പിക്കേണ്ടത് ചീഫ് സെക്രട്ടറിയോടാണെന്ന് ആഗസ്ത് 29 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് അറിയിച്ചു. സംഭവത്തെ കുറിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തുവെന്നും അതില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി തന്റെ നിലപാട് വ്യക്തമാക്കിയെന്നും ആന്റണി പറഞ്ഞു.
ആക്ഷേപകരകമായ ഒന്നും വിദ്യാഭ്യാസ മന്ത്രി ചെയ്തിട്ടില്ലെന്ന് തനിക്കും മറ്റ് മന്ത്രിമാര്‍ക്കും ബോധ്യമായതായും ആന്റണി വ്യക്തമാക്കി. സര്‍ക്കാരിനെയോ മന്ത്രിമാരെയോ മന്ത്രിമാരുടെ ചെയ്തികളെയോ വിമര്‍ശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. പരസ്യപ്രസ്താവന നടത്തിയ സംഭവം കര്‍ക്കശമായി തന്നെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണനയങ്ങള്‍ തീരുമാനിക്കുന്നതും നേതൃത്വം കൊടുക്കുന്നതും മന്ത്രിസഭയാണ്. യുഡിഎഫ് അതിന് നയപരമായ നിര്‍ദേശങ്ങള്‍ നല്‍കും. സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ജോലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവേശനപരീക്ഷയെ കുറിച്ച് വ്യക്തമായ പരാതി കിട്ടിയാല്‍ അന്വേഷിച്ച് നടപടിയെടുക്കും. ആഗസ്ത് 27ന് തന്നെ കാണണമെന്ന് കണ്ണന്താനം പറഞ്ഞിരുന്നെങ്കിലും അന്ന് താന്‍ എറണാകുളത്തായിരുന്നു. പിന്നീട് ഇക്കാര്യത്തിനായി കണ്ണന്താനം തന്നെ സമീപിച്ചില്ലെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications