വികസന അതോറിറ്റികള്‍ രൂപീകരിക്കും
തിരുവനന്തപുരം: തീരദേശങ്ങളുടെയും മലയോരങ്ങളുടെയും വികസനത്തിനായി രണ്ട് പ്രത്യേക അതോറിറ്റികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇത് രണ്ടും 1995ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ആലോചിച്ചിരുന്നതാണെന്ന് ആഗസ്ത് 29 ബുധനാഴ്ച മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. തീരദേശത്തെ ശുദ്ധജലപ്രശ്നം, ഗതാഗതം, വൈദ്യുതി, പാര്‍പ്പിട പ്രശ്നങ്ങള്‍, മത്സ്യസമ്പത്തിന്റെ വിപണനം എന്നിവയ്ക്ക് അതോറിറ്റി പ്രാമുഖ്യം നല്‍കും.
തീരദേശ അതോറിറ്റി രൂപീകരണത്തിന്റെ വിശദാംശങ്ങള്‍ തയാറാക്കുന്നതിന് ജലസേചന സെക്രട്ടറി കെ. ജയകുമാറിനെ സ്പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തി. 1995ല്‍ അന്നത്തെ ഫിഷറീസ് സെക്രട്ടറി ചന്ദ്രന്‍ തയാറാക്കിയ റിപ്പോര്‍ട്ടും പരിഗണനയിലെടുക്കും.
മലയോര പ്രദേശങ്ങളിലെ ഗതാഗതം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം, മൊത്തത്തിലുള്ള വികസനം എന്നിവയ്ക്കായിരിക്കും മലയോര വികസന അതോറിറ്റി ഊന്നല്‍ നല്‍കുക. മഹാരാഷ്ട്രയിലുള്ള മലയോര വികസന അതോറിറ്റിയുടെ മാതൃകയിലായിരിക്കും ഇത് രൂപീകരിക്കുക. വിശദാംശങ്ങള്‍ പഠിച്ച് സമര്‍പ്പിക്കാന്‍ റവന്യു സെക്രട്ടറി സാജന്‍ പീറ്ററെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനം സംബന്ധിച്ച് അനാവശ്യമായ വിവാദമുണ്ടാക്കുകയാണ്. ഭാരത സര്‍ക്കാര്‍ ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനം നിരോധിച്ചിട്ടില്ല. അങ്ങനെ നിരോധിക്കുകയാണെങ്കില്‍ ഒരിക്കലും സന്ദര്‍ശനം അനുവദിക്കുകയില്ല. അവര്‍ ഇടയ്ക്കിടയ്ക്ക് മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications