ഓണാഘോഷത്തിന് ഇന്നു ഉദ്ഘാടനം
തിരുവനന്തപുരം: ഓണം വിനോദസഞ്ചാര വാരാഘോഷങ്ങള്‍ ഓഗസ്റ് 29 ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
പഞ്ചവാദ്യത്തോടെ തുടങ്ങുന്ന ചടങ്ങ് ഒ.എന്‍.വി. കുറുപ്പ് രചിച്ച് സൂര്യാകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത കേരളത്തിലെ പൂക്കള്‍ എന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയോടെ സമാപിക്കും. ഈ സംസ്കാരികപരിപാടി കേരളത്തിലെ മഹാകവികള്‍ക്കുള്ള ഉപഹാരമാണ്.ഒരാഴ്ചത്തെ കലാപരിപാടികള്‍ സെപ്റ്റംബര്‍ 5-ബുധനാഴ്ച സാംസ്ക്കാരിക ഘോഷയാത്രയോടെ സമാപിക്കും.
മുഖ്യമന്ത്രി ആന്‍റണി, നിയമസഭാ സ്പീക്കര്‍ വക്കം ബി. പുരുഷോത്തമന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ടൂറിസം മന്ത്രി കെ.വി. തോമസ്, സാംസ്കാരിക-ഭക്ഷ്യമന്ത്രി ജി. കാത്തികേയന്‍, സഹകരണമന്ത്രി എം.വി. രാഘവന്‍, മേയര്‍ പ്രൊഫ. ജെ. ചന്ദ്ര, വി.എസ്. ശിവകുമാര്‍ എം.പി., ബി. വിജയകുമാര്‍ എം.എല്‍.എ. എന്നിവര്‍ ചടങ്ങില്‍ ഓണാശംസകള്‍ നേരും.
ഇത്തവണ ആഘോഷം അഞ്ച് വേദികളിലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിശഗന്ധി, പൂജപ്പുര മൈതാനം, വി.ജെ.ടി. ഹാള്‍, പബ്ലിക്ക് ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളാണ് ആഘോഷവേദികള്‍. കഴിഞ്ഞ വര്‍ഷം വരെ നഗരത്തില്‍ ഏഴു വേദികളും നഗരപ്രദേശങ്ങളില്‍ 11 വേദികളും സംഘടിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആഘോഷങ്ങളുടെ പകിട്ട് കുറയ്കാന്‍ കാരണം.
ഓണാഘോഷത്തിന്റെ ഭാഗമായി വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ വൈദ്യുതി ദീപാലങ്കാരം ഉണ്ട്. സാംസ്കാരിക ഘോഷയാത്രയില്‍ വിവിധ ജില്ലകള്‍, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ പകിട്ടാര്‍ന്ന നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കും.












Click it and Unblock the Notifications