വാജ്പേയി ബുഷിനെ കാണും
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി വാജ്പേയി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. സപ്തംബര്‍ 24 തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടക്കുക.
സപ്തംബര്‍ 25 ചൊവാഴ്ച അദ്ദേഹം പാക് പ്രസിഡന്റ് മുഷാറഫുമായും കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടയില്‍ നടത്തുന്ന ഈ കൂടിക്കാഴ്ചകളുടെ സമയം, സ്ഥലം എന്നിവ തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രാദേശികവും അന്തര്‍ദേശീയവുമായ ഒട്ടേറെ വിഷയങ്ങള്‍ വാജ്പേയിയും ബുഷും തമ്മില്‍ ചര്‍ച്ചചെയ്യുമെന്ന് കരുതുന്നു. പൊഖ്റാന്‍ അണുപരീക്ഷണത്തിനു ശേഷം ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം നീക്കണമെന്നതുസംബന്ധിച്ച് ബുഷിനുമേല്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ ഏറിവരികയാണ്. അടുത്ത വര്‍ഷം ബുഷ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന കാര്യവും ഏതാണ്ട് തീരുമാനമായിട്ടുണ്ട്.
ജൂലായില്‍ ആഗ്രയില്‍ നടന്ന ഉച്ചകോടിയ്ക്കുശേഷം വാജ്പേയിയും മുഷാറഫും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയായിരിക്കും സപ്തംബര്‍ 25ന് ന്യൂയോര്‍ക്കില്‍ നടക്കുക.












Click it and Unblock the Notifications