ഹുറിയത്ത് നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കള്‍ സപ്തംബര്‍ രണ്ട് ഞായറാഴ്ച തിരുവനന്തപുരത്തെത്തും. അവാമി ആക്ഷന്‍ കമ്മിറ്റി നേതാവും ഹുറിയത്ത് കോണ്‍ഫറന്‍സ് മുന്‍ ചെയര്‍മാനുമായ മിര്‍വായിസ് ഒമര്‍ ഫാറൂഖ്, പീപ്പിള്‍സ് ലീഗ് നേതാവ് അബ്ദുള്‍ ഗനിലോണ്‍ എന്നിവരാണ് കേരളത്തിലെത്തുന്നത്.
ദക്ഷിണേന്ത്യയില്‍ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് ഇവര്‍ കേരളം സന്ദര്‍ശിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്തും സപ്തംബര്‍ നാല് ചൊവാഴ്ച കോഴിക്കോട്ടുമാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ബാംഗ്ലൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തെത്തുന്ന ഹുറിയത്ത് നേതാക്കള്‍ ഞായറാഴ്ച വൈകുന്നേരം രണ്ട് മണിക്ക് മസ്കറ്റ് ഹോട്ടലില്‍ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആശയവിനിമയം നടത്തും. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം പ്രസ് ക്ലബില്‍ പ്രത്യേക വാര്‍ത്താസമ്മേളനവുമുണ്ട്. ചൊവാഴ്ച കോഴിക്കോട്ടെ ഹോട്ടല്‍ ഹെറിറ്റേജില്‍ വച്ച് രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. ബിജെപിയും സിപിഎമ്മും ഇവരുടെ ക്ഷണം നിരസിച്ചിരിക്കുകയാണ്.
മുകുന്ദന്‍ സി. മേനോന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ സമിതിയാണ് ഹുറിയത്ത് നേതാക്കളുടെ കേരളസന്ദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം സന്ദര്‍ശനത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഞായാറാഴ്ച രാവിലെ ആറ് മണിമുതല്‍ ഒരു മണിവരെ തിരുവനന്തപുരത്ത് രാഷ്ട്രീയരക്ഷാവേദി ഹര്‍ത്താലാചരിക്കും. ബിജെപി കരിദിനാചരണമാണ് നടത്തുന്നത്. ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications