ഹുറിയത്ത് നേതാക്കള്‍ കേരളത്തിലെത്തി
തിരുവനന്തപുരം: ഓള്‍പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ മിര്‍വായിസ് ഒമര്‍ഫാറൂഖ്, അബ്ദുള്‍ ഗനിലോണ്‍ എന്നിവര്‍ കേരളത്തിലെത്തി. സപ്തംബര്‍ മൂന്ന് തിങ്കളാഴ്ച രാവിലെയാണ് അവര്‍ തിരുവനന്തപുരത്തെത്തിയത്.
ഞായറാഴ്ച എത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ബാംഗ്ലൂരില്‍ നിന്ന് വിമാനം ലഭിക്കാഞ്ഞതുകാരണം സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിവക്കുകയായിരുന്നു. ഇതുകാരണം സന്ദര്‍ശനപരിപാടികളില്‍ ചിലവ റദ്ദാക്കിയിട്ടുണ്ട്. മുകുന്ദന്‍ സി. മേനോന്റെ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷനാണ് ഇവര്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്.
കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഹുറിയത്ത് നേതാക്കള്‍ കേരളത്തിലെത്തിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് മസ്കറ്റ് ഹോട്ടലില്‍ രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നുണ്ട്. പ്രത്യേക വാര്‍ത്താസമ്മേളനവും ഉണ്ടായേക്കും.
തിരുവനന്തപുരത്തെ സന്ദര്‍ശനം കഴിഞ്ഞ് ചൊവാഴ്ച നേതാക്കള്‍ കോഴിക്കോട്ടെത്തും. ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബിജെപി ചൊവാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹുറിയത്ത് നേതാക്കള്‍ എത്തുമെന്ന ധാരണയില്‍ തിരുവനന്തപുരത്ത് ഞായറാഴ്ച രാഷ്ട്രരക്ഷാവേദി ഹര്‍ത്താല്‍ ആചരിച്ചിരുന്നു.












Click it and Unblock the Notifications